VISHNU N L|
Last Updated:
ശനി, 25 ഏപ്രില്‍ 2015 (16:15 IST)
മനുഷ്യന്റെ പ്രപഞ്ച ബോധത്തെ അടിമുടി മാറ്റിമറിച്ച് വിപ്ലവകരമായ ഉപകരണമാണ് ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ്.
1990 ഏപ്രില്‍ 24 ന് ഡിസ്‌കവറി പേടകം ഭ്രമണപഥത്തിലെത്തിച്ച ഹബ്ബിള്‍ ടെലിസ്‌കോപ്പ് തന്റെ ബഹിരാകാശ ജീവിതത്തിലെ 25 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കാല്‍നൂറ്റാണ്ടായി കണ്ടെത്തലുകകളും അത്ഭുതങ്ങളും നല്‍കി
പഴയ നിഗമനങ്ങള്‍ സ്ഥിരീകരിക്കുക മാത്രമല്ല, പുതിയ സങ്കല്‍പ്പങ്ങള്‍ക്ക് വിത്തുപാകുകയും ചെയ്തു ഈ ആകാശ ടെലിസ്കോപ്പ്.
പ്രപഞ്ചത്തിന്റെ പ്രായവും, നക്ഷത്രങ്ങളുടെ പിറവിയും, അന്ത്യവും, തമോഗര്‍ത്തങ്ങളുടെ കാണാസാന്നിധ്യവുമൊക്കെ ഹബ്ബളിന്റെ അത്ഭുതനേത്രങ്ങളില്‍ കൂടി ലോകം
കണ്ടറിഞ്ഞു.
പ്രപഞ്ചവികാസത്തിന്റെ തോത് മനസിലാക്കാന്‍ സഹായിക്കുക മാത്രമല്ല, ആ വികാസതോത് വര്‍ധിക്കുകയാണെന്നും ഹബ്ബിളിന്റെ നിരീക്ഷണങ്ങള്‍ തെളിയിച്ചു. പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമായ ശ്യാമോര്‍ജം (dark energy) എന്താണെന്ന ആകാംക്ഷയിലേക്ക് ശാസ്ത്രലോകത്തെ നയിച്ചത് ഒരര്‍ഥത്തില്‍ ഹബ്ബിളാണ്! അതുകൊണ്ട് തന്നെ പ്രപഞ്ചം വികസിക്കുകയാണെന്ന് 1930 ല്‍ കണ്ടെത്തിയ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്‍ എഡ്വിന്‍ ഹബ്ബിളിന്റെ പേര് ടെലിസ്കോപ്പ് അന്വര്‍ഥമാക്കി.
15.9 മീറ്റര്‍ നീളവും 4.2 മീറ്റര്‍ വ്യാസവും 11,110 കിലോഗ്രാം ഭാരവുമുള്ള ഹബ്ബിള്‍ ടെലിസ്‌കോപ്പ്, ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ചാണ് പ്രപഞ്ച നിരീക്ഷണം നടത്തുന്നത്. ഹബ്ബിളിന് ഒരു തവണ ഭൂമിയെ ചുറ്റാന്‍ 96 മിനിറ്റ് മതി. സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ആ ടെലിസ്‌കോപ്പ് ദിവസം 17 തവണ അത് ഭൂമിയെ വലംവെയ്ക്കുന്നു. 480 കോടി കിലോമീറ്റര്‍ സഞ്ചരിച്ചു. 12 ലക്ഷം നിരീക്ഷണങ്ങള്‍ നടത്തിയ ഹബ്ബിളില്‍ കൂടി വിവിധ തരംഗ ദൈര്‍ഘ്യത്തിലുള്ള പ്രപഞ്ചത്തിന്റെ ചിത്രങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തി. 2.4 മീറ്റര്‍ വ്യസമുള്ള ലെന്‍സാണ് ഹബ്ബിളില്‍ ഉള്ളത്.
ബാള്‍ട്ടിമോറിലെ 'സ്‌പേസ് ടെലിസ്‌കോപ്പ് സയന്‍സ് ഇന്‍സ്റ്റിട്യൂട്ടി'നാണ് ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ ചുമതല എങ്കിലും, ആര്‍ക്ക് വേണമെങ്കിലും ഹബ്ബിളിന്റെ സേവനം തേടാം. ഹബ്ബിള്‍ ടെലിസ്‌കോപ്പ് ഉപയോഗിക്കാന്‍ പ്രതിവര്‍ഷം ഒരുലക്ഷത്തോളം ആപേക്ഷകള്‍ നാസയ്ക്ക് ലഭിക്കുന്നു എന്നാണ് കണക്ക്. അതില്‍നിന്ന് തിരഞ്ഞെടുക്കുന്ന 200 അപേക്ഷകള്‍ അനുവദിക്കപ്പെടും. ഒരു വര്‍ഷം 20,000 നിരീക്ഷണങ്ങള്‍ നടത്താന്‍ ഹബ്ബിളിനാകും; ദിവസം ശരാശരി 54 നിരീക്ഷണങ്ങള്‍. അതുവഴി ഓരോ ആഴ്ചയിലും 18 ഡി.വി.ഡി.നിറയുന്നത്ര ഡേറ്റ ഹബ്ബിള്‍ ഭൂമിയിലേക്ക് അയയ്ക്കുന്നു. ഗവേഷകര്‍ക്ക് ലോകത്തെവിടെയിരുന്നും ഈ ഡേറ്റ ഇന്റര്‍നെറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത് വിശകലനം ചെയ്യാം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.