ആമസോൺ മഴക്കാടുകളെ പുനരുജ്ജീവിപ്പിക്കാന്‍ 35 കോടി നല്‍കി ഡികാപ്രിയോ

ലിയാനാർഡോ ഡികാപ്രിയോ നേതൃത്വം നല്‍കുന്ന ഏർത്ത് അലയൻസ് എന്ന സംഘടനയാണ് തുക നല്‍കുന്നത്.

Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2019 (16:12 IST)
ആമസോൺ മഴക്കാടുകളെയാകെ വിഴുങ്ങുന്ന കാട്ടുതീയെ കുറിച്ച് പുറംലോകത്തെ അറിയിച്ച വ്യക്തികളില്‍ ഒരാളായിരുന്നു നടനും പരിസ്ഥിതി സംരക്ഷകനുമായ ലിയാനാർഡോ ഡികാപ്രിയോ. ഇപ്പോഴിതാ കാട്ടുതീ ഇനിയും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ ആമസോൺ കാടുകളുടെ പുനരുജ്ജീവനത്തിനായി അഞ്ച് മില്യൺ ഡോളർ (35 കോടി) നല്‍കിയിരിക്കുകയാണ് ഡികാപ്രിയോ.

ലിയാനാർഡോ ഡികാപ്രിയോ നേതൃത്വം നല്‍കുന്ന ഏർത്ത് അലയൻസ് എന്ന സംഘടനയാണ് തുക നല്‍കുന്നത്. തീപിടിത്തത്തെ ചെറുക്കുന്ന, തദ്ദേശീയ ഭൂമികളെ സംരക്ഷിക്കുന്ന, തീപിടിത്തം ബാധിച്ചവർക്ക് വേണ്ടി പ്രവർത്തിക്കുന്ന അഞ്ച് പ്രാദേശിക സംഘടനകൾക്കാണ് തുക കൈമാറുന്നത്. എഴുപതിനായിരത്തിലധികം തീപിടിത്തങ്ങളാണ് ഈ വർഷം ബ്രസീലില്‍ ഉണ്ടായത്. ഇതില്‍ പകുതിയിലേറെയും ആമസോൺ കാടുകളിലാണുണ്ടായത്.

നേരത്തെ ആമസോണ്‍ മഴക്കാടുകളില്‍ കാട്ടുതീ പടരുന്നത് വാര്‍ത്തായാക്കാതിരുന്ന മാധ്യമങ്ങള്‍ക്കെതിരെ ഡികാപ്രിയോ രംഗത്ത് വന്നിരുന്നു. ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നതിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് കൊണ്ടായിരുന്നു താരത്തിന്‍റെ വിമര്‍ശനം. വിഷയം ഡികാപ്രിയോ ഏറ്റെടുത്തതോടെ പിന്തുണയുമായി ലോകമെമ്പാടുമുള്ള ചലച്ചിത്ര താരങ്ങളും രംഗത്ത് വന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :