കുവൈറ്റിലും ആം ആദ്മി?

കുവൈറ്റ് സിറ്റി| VISHNU.NL| Last Modified ശനി, 10 മെയ് 2014 (16:32 IST)
ഇന്ത്യയില്‍ ആം ആദ്മി തരംഗമായതോടെ കാറ്റ് കുവൈറ്റിലും വീശിത്തുടങ്ങിയോ എന്ന് സംശയം. പൊതുവിഷയങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായമറിയാന്‍ സര്‍ക്കാര്‍ ജനങ്ങളുടെ അടുത്തേക്ക് പോകുന്നു. ചില പ്രത്യേക വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തുകയെന്ന തന്ത്രവുമായാണ് പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന്‍െറ നേതൃത്വത്തില്‍ സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ പരീക്ഷിച്ച് കൈയ്യടി നേടിയ പദ്ധതിയാണ് ഇതെങ്കിലും സംഭവം നടപ്പാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് പാര്‍ലമെന്‍റില്‍ സര്‍ക്കാറും പ്രതിപക്ഷവും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണെന്നത് വേറെ കാര്യം.

ഹ്യൂമന്‍ റിസോഴ്സ് കമ്മിറ്റി എന്ന പേരില്‍ പ്രത്യേക പാര്‍ലമെന്‍റ് സമിതിയുടെ നേതൃത്വത്തിലാണ് സര്‍വേ സംഘടിപ്പിക്കുന്നത്. രാജ്യത്തെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ അവന്യൂസില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി അഭിപ്രായ സര്‍വേ നടത്തി സംഭവം ഒന്നു പരീക്ഷിച്ചു നൊക്കുകയും ചെയ്തു.

സര്‍ക്കാര്‍ മേഖലയില്‍ ഒരേ തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ക്ക് വ്യത്യസ്ത ശമ്പളം വാങ്ങേണ്ടിവരുന്നതും റിക്രൂട്ടിങ് സംവിധാനത്തിലെ അപാകതകളുമാണ് അഭിപ്രായ സര്‍വേയിലെ ഒരു വിഷയം. സേവനകാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങളിലെ വ്യത്യാസവും അഭിപ്രായ സര്‍വേയിലുള്‍പ്പെടുത്തിയിരിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :