സിജിയാങ്|
VISHNU N L|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (16:12 IST)
വൃക്കയിലെ കല്ലുകള്‍ ഇന്ന് ലോകത്ത് സാധാരണയായി കണ്ടുവരുന്ന രോഗങ്ങളില്‍ ഒന്നാണ്. എന്നാല്‍ കണ്ടെത്തുന്ന കല്ലുകളുടെ എണ്ണം കൊണ്ട് പല രോഗികളും ശ്രദ്ദേയരാകാറുണ്ട്. അതേസമയം
ചൈനയിലെ സിജിയാങ് പ്രവിശ്യയിലെ ഡോങ്‌യാങ് പീപ്പിള്‍സ് ആശുപത്രിയില്‍ കഴിഞ്ഞ വെളളിയാഴ്‌ച നടന്ന ഒരു ശസ്‌ത്രക്രിയയിലൂടെ വൃക്കയില്‍ നിന്ന് നീക്കം ചെയ്തത് 420 കല്ലുകളാണ്.
അമ്പത്തിയഞ്ചു വയസ്സുകാരനായ രോഗിയില്‍ നിന്നാണ് ഇത്രയധികം കല്ലുകള്‍ നീക്കം ചെയ്തത്. അടിവയറിന് കടുത്ത വേദനയുമായാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ലക്ഷണങ്ങളില്‍ കിഡ്നി സ്റ്റോണ്‍ എന്ന് ഉറപ്പിച്ചെങ്കിലും വേദനയുടെ കാഠിന്യം കണ്ട് സിടി സ്കാന്‍ ചെയ്തപ്പോള്‍
ഡോക്‌ടര്‍ തന്നെ അമ്പരന്നുപോയി. അയാളുടെ ഇടത് വൃക്കയില്‍ 420 ചെറിയ കല്ലുകള്‍ നിറഞ്ഞിരിക്കുന്നതാണ് സ്‌കാനിംഗില്‍ തെളിഞ്ഞത്!
പിന്നീടൊന്നും താമസിച്ചില്ല. രോഗിയെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രണ്ട് മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയില്‍ 45 മിനിറ്റ് കല്ലുകള്‍ നീക്കാന്‍ തന്നെ വേണ്ടിവന്നു. അധികം താമസിക്കാതെ കല്ലുകള്‍ നീക്കം ചെയ്‌തില്ലായിരുന്നുവെങ്കില്‍
വൃക്ക തന്നെ നീക്കം ചെയ്യേണ്ടിവരുമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാത്സ്യം അധികമുളള ചൈനീസ് വിഭവമായ 'ജിപ്‌സം തോഫു' നിയന്ത്രണമില്ലാതെ കഴിക്കുന്നതും വെളളം കുടിക്കാന്‍ മടികാണിക്കുന്നതുമാണ് രോഗിയുടെ വൃക്കയില്‍ ഇത്രയധികം കല്ലുകള്‍ ഉണ്ടാവാന്‍ കാരണം. ഇതേസ്വഭാവം കാരണം ഇരുപത് വര്‍ഷം മുമ്പും രോഗിയുടെ ഇടത് വൃക്കയില്‍ നിന്ന് 10 കല്ലുകള്‍ നീക്കിയിരുന്നു. അന്ന് അവ പൊടിച്ചുകളയുകയായിരുന്നു.