ബെയ്റൂട്ട്|
vishnu|
Last Modified ബുധന്‍, 11 മാര്‍ച്ച് 2015 (11:10 IST)
ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു വീഡിയോ കൂടി ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ പുറത്തുവിട്ടു. ഒരു കുട്ടി ബന്ദിയെ വധിക്കുന്ന വീഡിയോയാണ് ഐ.എസ് പുറത്തുവിട്ടത്. ശിക്ഷക്ക് വിധേയനായ ആളെ ഇസ്രായേലി ചാരനെന്നാണ് ഐഎസ് വിശേഷിപ്പിക്കുന്നത്. 19 വയസ്സുള്ള ഇസ്മയില്‍ മുസാലം എന്ന യുവാവിനെ, ഒരു കുട്ടി
കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഐഎസ് പുറത്തുവിട്ടത്.
ഐഎസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ഇസ്രായേല്‍ അയച്ച ചാരനാണ് മുസാലം എന്ന് ഐഎസ് വീഡിയോയില്‍ പറയുന്നുണ്ട്. മുസാലം ഇസ്രായേലി ചാര സംഘടനയായ മൊസാദിലെ ഉദ്യോഗസ്ഥനാണെന്നാണ് ഐഎസ് പറയുന്നത്. വീഡിയോയില്‍ സൈനിക വേഷത്തിലെത്തുന്ന കുട്ടി മുസാലത്തിനെതിരെ വെടിയുതിര്‍ക്കുന്നതാണ് കാണിക്കുന്നത്. കുട്ടിയോടൊപ്പം മറ്റൊരു തീവ്രവാദിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 13 മിനിട്ടോളം നീണ്ടു നില്‍ക്കുന്നതാണ് വീഡിയോ. മുട്ടുകുത്തി നില്‍ക്കുന്ന ഇയാളുടെ ഒരു വശത്ത് കുട്ടിയും മറുവശത്ത് മറ്റൊരു തീവ്രവാദിയും നില്‍ക്കുന്നു. മുതിര്‍ന്ന തീവ്രവാദിയാണ് ഫ്രഞ്ച് ഭാഷയില്‍ മുസാലത്തെ വധിക്കാന്‍ കുട്ടിയോട് ആവശ്യപ്പെടുന്നത്. തീവ്രവാദി ബാലന്‍ അറപ്പ് കൂടാതെ മുസാലത്തിനെതിരെ വെടിയുതിര്‍ക്കുന്നു.
വിഡിയോയില്‍ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തുന്ന മുസാലം താന്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചു സംസാരിക്കുന്നുണ്ട്. 'ദൈവത്തില്‍ അനുതപിക്കുക എന്നാണ് എന്റെ പിതാവിനോടും മകനോടും പറയാനുള്ളത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നവരോട് പറയാനുള്ളത് ഇതാണ്; നിങ്ങള്‍ ഒരിക്കലും അതില്‍ വിജയിക്കില്ല. അവര്‍ നിങ്ങളെ നശിപ്പിക്കും
- വിഡിയോയില്‍ മുസാലം പറയുന്നു.
എന്നാല്‍ വിഡിയോയുടെ ആധികാരികത ഇതുവരെ വ്യക്തമായിട്ടില്ല. മുസാലം ഇസ്രയേല്‍ ചാരനാണെന്ന് ഐഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇയാളുടെ മാതാപിതാക്കളും ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദും ഇത് നിഷേധിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇസ്മയില്‍ മുസാലത്തെ കാണാതായത്. തുര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെ ഇയാളെ ഐഎസ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.