കോട്ടയം|
vishnu|
Last Updated:
വെള്ളി, 6 മാര്‍ച്ച് 2015 (19:00 IST)
തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ സംരക്ഷിക്കാന്‍ ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്റെ തെളിവുകള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് മാദ്ധ്യമങ്ങള്‍ക്ക് കൈമാറി. തൃശൂരിലെ മുന്‍ കമ്മീഷണറായിരുന്ന ജേക്കബ് ജോബും മുന്‍ ഡിജിപി എംഎന്‍ കൃഷ്ണമൂര്‍ത്തിയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണ് അദ്ദേഹം പരസ്യപ്പെടുത്തിയത്. നിഷാമിനെ കസ്റ്റഡിയില്‍ എടുത്തതിന് തൊട്ടുപിന്നാലെ മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തി അന്ന് തൃശ്ശൂരില്‍ കമ്മീഷണറായിരുന്ന ജേക്കബ് ജോബുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്ത് വിട്ടത്.
ജേക്കബ് ജോബിനെ വിളിക്കുന്നത് സ്വാമിയുടെ(ഡിജിപി ബാലസുബ്രഹ്മണ്യത്തിന്റെ) താത്പര്യപ്രകാരമാണെന്ന് കൃഷ്ണമൂര്‍ത്തി പറയുന്നത് സി.ഡി.യില്‍ വ്യക്തമാണ്. ഡിജിപിക്ക് തന്നോട് വിരോധമുണ്ടെന്നും വൈദീശ്വരന്‍ കേസ് മുതല്‍ തുടങ്ങിയതാണ് ആ വിരോധമെന്നും ജേക്കബ് ജോബ് മുന്‍ ഡിജിപിയോട് പറയുന്നതും കേള്‍ക്കാം. ആഭ്യന്തര മന്ത്രിക്ക് തെളിവ് കൈമാറിയതിന് ശേഷമാണ് തെളിവുകള്‍ മാധ്യമങ്ങള്‍ക്കും ജോര്‍ജ്ജ് നല്‍കിയത്.
തെളിവുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ ഡിജിപിക്കെതിരെ പിസി ജോര്‍ജ്ജ് വേറെയും ആരോപണങ്ങള്‍ ഉന്നയിച്ചു. 2011ല്‍ നെയ് വേലി ലിഗ് നൈറ്റ് കോര്‍പ്പറേഷനില്‍ ഉണ്ടായ ക്രമക്കേടില്‍ ഡിജിപിക്ക് കോടതിയുടെ വിമര്‍ശനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. സിബിഐ ഡയറക്ടറാവാന്‍ ഡിജിപി ബിജെപി നേതാക്കളെ പോയി കണ്ടതായും പിസി ജോര്‍ജ്ജ് ആരോപിച്ചു.
മുഖ്യമന്ത്രിക്കോ രമേശ് ചെന്നിത്തലക്കോ ഡിജിപിയുടെ ഇടപെടലില്‍ പങ്കുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കേസില്‍ നിഷാം ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി. ഡിജിപിയുടെ ഓഫീസ് കള്ളപ്പണക്കാരുടെ അഴഞ്ഞാട്ട കേന്ദ്രമായി മാറിയിട്ടുണ്ടെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു.