ബാഗ്‌ദാദ്|
jibin|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (10:53 IST)
ഐഎസ്ഐഎസ് തീവ്രവാദികൾ നടമാടുന്ന ഇറാഖില്‍ അമേരിക്കയ്ക്ക് സന്ദേശം എന്ന പേരിൽ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകന്റെ തലവെട്ടുന്ന വീഡിയോ പുറത്ത്. ജെയിംസ് ഫോളി എന്ന മാദ്ധ്യമ പ്രവർത്തകന്റെ തല അജ്ഞാത കേന്ദ്രത്തിൽ തീവ്രവാദികൾ വെട്ടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
സമീപത്ത് മറ്റൊരു മാദ്ധ്യമ പ്രവർത്തകനെ തീവ്രവാദികൾ ബന്ധിച്ചിരിക്കുന്ന ദൃശ്യവും ഉണ്ട്. അമേരിക്ക ഇനി ഇറാഖില്‍ സ്വീകരിക്കുന്ന സൈനിക നിലപാടുകളെ ആശ്രയിച്ചായിരിക്കും അയാളുടെ ജീവനെന്ന മുന്നറിയിപ്പും വീഡിയോയിൽ ഉണ്ട്.
ബോസ്റ്റണിലെ ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിന് വേണ്ടി ഫ്രീലാൻസറായി ജോലി നോക്കുകയായിരുന്നു ഫോളിയെ 2012 നവംബർ 22നാണ് ടർക്കി അതിർത്തിയില്‍ നിന്ന് തീവ്രവാദികൾ തട്ടി കൊണ്ടു പോയത്.
ഇറാക്കിൽ ആക്രമണം തുടർന്നാൽ അമേരിക്കയെ രക്തത്തിൽ മുക്കുമെന്ന് ഐഎസ് തീവ്രവാദികൾ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് വീഡിയോ പുറത്തു വന്നത്.