ചരിത്രവും പാരമ്പര്യവും തച്ചുതകര്‍ത്ത് ഐ എസ്, പ്രാണഭീതിയില്‍ ഇറാഖുകാര്‍

ബാഗ്ദാദ്| VISHNU N L| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (12:45 IST)
രക്ത രൂക്ഷിതമായ ആക്രമങ്ങളും മനുഷ്യത്വ രഹിതമായ നിയമങ്ങളും തങ്ങളുടെ പ്രദേശത്ത് അടിച്ചേല്‍പ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഒരു ജനതയുടെ സാംസ്കാരിക പാരമ്പര്യങ്ങളും തച്ചു തകര്‍ക്കുവാന്‍ ആരംഭിച്ചു. അനിസ്ലാമികമെന്നാരോപിച്ച് ഇസ്ലാം ഇആഖിലും സിറിയയിലും എത്തുന്നതിനു മുമ്പുള്ള സംസ്കാരങ്ങളുടെ ശേഷിപ്പുകളാണ് ഈ തീവ്രവാദികള്‍ നശിപ്പിക്കുന്നത്. ഇറാഖിലെ പുരാതന ചരിത്ര നഗരമായ ഹത്രയാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ തീവ്രവാദികളാല്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഐഎസ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്. എന്നാല്‍ എത്രമാത്രം നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്ന് അറിവില്ല. ഹത്രയിലെ കെട്ടിടങ്ങളും പ്രതിമകളും ഐഎസ് തീവ്രവാദികള്‍ നശിപ്പിച്ചു എന്നാണ് വിവരം. ബദല്‍ദൈവത്തിന്റെ പ്രദേശം നശിപ്പിച്ചെന്നാണ് ഐ എസ് പുറത്തുവിട്ട വീഡിയോയില്‍ ഗള്‍ഫ് ചുവയുള്ള അറബിയില്‍ സംസാരിച്ച തീവ്രവാദി അവകാശപ്പെട്ടത്. കോണികളില്‍ കയറിനിന്ന് ചുറ്റിക ഉപയോഗിച്ച് ഭിത്തിയിലെ പ്രതിമകള്‍ തകര്‍ക്കുന്നതിന്റെയും കലാഷ്‌നിക്കോവ് തോക്കുകള്‍ ഉപോഗിച്ച് പ്രതിമകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.

പാര്‍ത്തിയാന്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് നിര്‍മ്മിച്ച അതിപുരാതന നഗരമാണ് ഹത്ര. ആദ്യ അറബ് രാജ്യത്തിന്റെ തലസ്ഥാനവുമായിരുന്നു ഇത്. എഡി. 116 ലും എഡി. 198 ലും റോമക്കാര്‍ ഈ നഗരം അക്രമിച്ചിരുന്നു. നഗരത്തിന്റെ സുരക്ഷയ്ക്കായി 160 കാവല്‍മാടങ്ങളും അന്ന് നിര്‍മ്മിച്ചിരുന്നു. ഇവയില്‍ പലതും ഇപ്പോഴും ഹത്രയില്‍ കാണാം. യുനസ്‌കോയുടെ പൈതൃതപട്ടികയിലുള്ളതാണ് ഹത്ര നഗരം. ഹത്ര കൂടാതെ 3000 ലേറെ വര്‍ഷം പഴക്കമുള്ള നിമ്രൂദ് നഗരവും ഐ.എസ് ഭീകരര്‍ കൊള്ളയടിച്ചതായി പ്രദേശവാസികള്‍ പറയുന്നു. നേരത്തെ മൊസ്യൂള്‍ മ്യൂസിയവും തീവ്രവാദികള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ അത്യപൂര്‍വ വസ്തുക്കളും പ്രതിമകളും കരിഞ്ചന്തയിലൂടെ വിറ്റഴിച്ച് പ്രവര്‍ത്തനമൂലധനം കണ്ടെത്തുകയാണ് ഐ എസ് എന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :