ന്യൂയോര്‍ക്ക്|
jibin|
Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (16:10 IST)
ഗൂഗിള്‍ അക്കൌണ്ട് മാനേജര്‍ വനത്തിനുള്ളില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട നിലയില്‍. വനേസ മാര്‍കോട്ട എന്ന 27കാരിയുടെ മൃതദേഹമാണ് പൂര്‍ണ നഗ്നമായ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ പകുതിയോളം ഭാഗം കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.
മസാച്യുസെറ്റ്‌സില്‍ അമ്മയെ സന്ദര്‍ശിക്കാനെത്തിയ വനേസ ഞായറാഴ്‌ച വൈകിട്ട് നടക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു. നേരം ഏറെ വൈകിയിട്ടും ഇവര്‍ വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് വീടിന്റ പരിസരങ്ങളില്‍ അന്വേഷണം നടത്തിയപ്പോള്‍ ആണ് വീടിന് അരമൈല്‍ അകലെയുള്ള കാട്ടില്‍ നിന്ന് വനേസയുടെ മൃതദേഹം കണ്ടെത്തിയത്.
വനേസ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റ നിലയിലായിരുന്നുവെന്നും കൈകാലുകളും തലയും കത്തിച്ച നിലയിലുമായിരുന്നു മൃതദേഹം.
വനേസയുടെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. അതേസമയം, ഗൂഗില്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തുകയും ചെയ്‌തു. ഒന്നരവര്‍ഷമായി ഇവര്‍ ഗൂഗിളില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്.