‘കറുത്ത വര്‍ഗക്കാരന്‍റേത് ജീവനല്ലേ?’ - അമേരിക്കയില്‍ പ്രതിഷേധം കത്തുന്നു

മിനിയാപുലിസ്| സുബിന്‍ ജോഷി| Last Modified വെള്ളി, 29 മെയ് 2020 (08:44 IST)
അക്രമിയെന്നു തെറ്റിദ്ധരിച്ച് മിനിയാപുലിസിൽ പൊലീസ് നിലത്തുകിടത്തി കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയ കറുത്തവർഗക്കാരന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം വ്യാപകം. ജോർജ് ഫ്ലോയ്‌ഡ് എന്ന യുവാവാണ് കഴിഞ്ഞ ദിവസം പൊലീസ് ക്രൂരതയില്‍ മരിച്ചത്.

പൊലീസിന്‍റെ കാല്‍‌മുട്ടിനും റോഡിനുമിടയില്‍ അമര്‍ന്ന് ശ്വാസം കിട്ടാതെ പിടഞ്ഞുമരിക്കുന്ന ജോര്‍ജ്ജ് ഫ്ലോയ്‌ഡിന്‍റെ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടവരുത്തിയത്. സോഷ്യല്‍ മീഡിയയില്‍ ജോര്‍ജ്ജിന്‍റെ നീതിക്കുവേണ്ടി കാമ്പയിനുകള്‍ നടക്കുകയാണ്.

അമേരിക്കയിലെ തെരുവുകളില്‍ ജനം പ്രതിഷേധവുമായി എത്തുകയും പലയിടത്തും സംഘര്‍ഷമുണ്ടാവുകയും ചെയ്‌തു. ‘കറുത്ത വര്‍ഗക്കാരന്‍റേത് ജീവനല്ലേ?’ എന്നാണ് പ്രതിഷേധമുയര്‍ത്തുന്നവരുടെ ചോദ്യം.

സംഭവത്തിൽ ഉള്‍പ്പെട്ട നാല് പൊലീസ് ഉദ്യോഗസ്ഥരെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. സംഭവത്തെക്കുറിച്ച് എഫ്ബിഐ അന്വേഷിക്കുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രം‌പ് അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :