സംസ്ഥാനത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയായി ആർ ശ്രീലേഖ

അഭിറാം മനോഹർ| Last Modified ബുധന്‍, 27 മെയ് 2020 (16:49 IST)
സംസ്ഥാനത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ എന്ന നേട്ടം സ്വന്തമാക്കി ആർ ശ്രീലേഖ.ഫയർ ഫോഴ്സ് മേധാവിയായിട്ടായിരിക്കും പുതിയ നിയമനം. നിലവിൽ ഗതാഗത കമ്മീഷണറായ ഈ വർഷം ഡിസംബറിൽ വിരമിക്കും. എഡിജിപി എം ആർ അജിത് കുമാർ പുതിയ ഗതാഗത കമ്മീഷണറാകും.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. നിലവിലെ ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന സാഹചര്യത്തിലാണ് ശങ്കർ റെഡ്ഡിക്കും ആർ ശ്രീലേഖയ്ക്കും ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ഐപിഎസ് തലത്തിൽ വീണ്ടും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.അതേസമയം പുതിയ ചീഫ് സെക്രട്ടറി സ്ഥാനമൊഴിയുന്ന ഒഴിവിലേക്ക് ആഭ്യന്തര സെക്രട്ടറിയായ ബിശ്വാസ് മേത്തയെ നിയമിച്ചിട്ടുണ്ട്. പുതിയ ചീഫ് സെക്രട്ടറിക്കൊപ്പം ഉദ്യോഗസ്ഥ തലത്തിൽ വലിയ അഴിച്ചുപണിക്കാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :