ഫ്രാൻസിനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം

ഗ്രനോബിൾ| VISHNU N L| Last Modified വെള്ളി, 26 ജൂണ്‍ 2015 (16:27 IST)
ഫ്രാൻസിനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. കിഴക്കൻ ഫ്രാൻസിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരുക്കേറ്റു. ദ്രവീകൃത വാതകം നിർമിക്കുന്ന എയർ പ്രൊഡക്ട്സ് എന്ന കമ്പനിയുമായി ബന്ധമുള്ള കെമിക്കൽ ഫാക്ടറിയിലാണ് ആക്രമണം ഉണ്ടായത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയൊടെയായിരുന്നു ആക്രമണം.

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പതാകയേന്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. രണ്ടുപേർ വാഹനവുമായി ഫാക്ടറിക്കുള്ളിലേക്കു ഇരച്ചുകയറിയായിരുന്നു ആക്രമണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. കാറിനുള്ളിൽ വച്ചിരുന്ന ബാനറിൽ അറബിയിൽ എഴുതിയിരുന്നതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇവര്‍ നടത്തിയവ് ആക്രമണത്തില്‍ ഫാക്ടറിയില്‍ വച്ച് ഒരാള്‍ കൊല്ലപ്പെട്ടു.

എന്നാല്‍ കൊല്ലപ്പെട്ടയാളുടെ തല അറുത്തുമാറ്റിയിരുന്നു. അക്രമി മുപ്പതുകാരനാണെന്നും ഇയാളെ ഫ്രഞ്ച് ആഭ്യന്തര സുരക്ഷാ സേനയ്ക്ക് അറിയാമായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
നിരവധി തവണ ബോംബ് സ്ഫോടനങ്ങളും വെടിവയ്പും ഇയാൾ ഫാക്ടറിക്കുള്ളിൽ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഈ വർഷം ജനുവരി ഏഴിന് പാരിസിലെ ഷാര്‍ലി എബ്‌ദോ വാരികയില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പാണ് ഫ്രാൻസിൽ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയെ കാര്‍ട്ടൂണിലൂടെ അപമാനിച്ചതിന് പ്രതികാരമായാണ് വാരികയുടെ ഓഫീസില്‍ അക്രമം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം അൽഖായിദയുടെ യമൻ ഘടകം ഏറ്റെടുത്തിരുന്നു. ഭീകരാക്രമണത്തില്‍ പത്രാധിപരും പ്രസാധകനും കാർട്ടൂണിസ്റ്റുകളുമടക്കം 12 പേരാണ് വെടിയേറ്റ് മരിച്ചത്. ഷെരീഫ്, സെയ്ദ് എന്ന രണ്ടു സഹോദരങ്ങളടക്കം മൂന്നുപേരാണ് ആക്രമണം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :