ബാങ്കോക്ക്|
Last Modified ശനി, 24 മെയ് 2014 (10:09 IST)
തായ്‌ലാന്റിലെ മുന്‍ പ്രധാനമന്ത്രി യിംഗ് ലക് ഷിനവത്രയെ സൈന്യം തടവിലാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം തായ്‌ലന്റില്‍ സൈനിക അട്ടിമറി നടന്നിരുന്നു. ഇതിന് പിന്നാലെ ഷിനവത്രയെ സൈനിക കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തുകയും ഏറെ നേരം അവിടെ തടഞ്ഞുവെച്ച ശേഷം അജ്‌ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഷിനവത്രയും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങളും ഉള്‍പ്പെടെ 39 പേരോട് സൈനിക കേന്ദ്രത്തില്‍ ഹാജരാകാന്‍ സൈന്യം ആവശ്യപ്പെടുകയായിരുന്നു. ഇടക്കാല പ്രധാനമന്ത്രി ബുന്‍കോങ് പെയ്‌സന്‍, മുന്‍ മന്ത്രിസഭ അംഗങ്ങള്‍ എന്നിവര്‍ക്കും സൈനിക കേന്ദ്രത്തില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഷിനവത്രക്കു പുറമെ തായ്‌ലന്റിലെ 155 രാഷ്ര്‌ടീയ നേതാക്കളോട് രാജ്യം വിട്ട് പോകാന്‍ പാടില്ലെന്നും സൈന്യം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ അടച്ചിടാനും സൈന്യം നിര്‍ദ്ദേശിച്ചു. അതേസമയം തായ്‌ലന്‍ഡില്‍ സൈന്യം അധികാരം പിടിച്ചെടുത്ത നടപടിയെ അമേരിക്ക എതിര്‍ത്തു. സൈനിക നടപടി ന്യായികരിക്കാനാകില്ലെന്നും തടവിലാക്കിയിരിക്കുന്നവരെ എത്രയും പെട്ടെന്ന് സ്വതന്ത്രരാക്കണമെന്നും ജനകീയ ഭരണം പുനസ്‌ഥാപിക്കണമെന്നും സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടിട്ടുണ്ട്.