ന്യൂയോര്‍ക്ക്|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (16:08 IST)
ഇനി മുതല്‍ വിവാഹമോചനവും ഫേസ്ബുക്കിലൂടെ തേടാം. അമേരിക്കന്‍ കോടതിയാണ് ഫെയ്‌സ്ബുക്കിനെ വിവാഹമോചനം നേടാനുള്ള ഉപാധിയാക്കി വിധി പ്രഖ്യാപിച്ചത്. ഇരുപത്തിയാറുകാരിയായ എലനോര ബയ്ദൂവിന നല്‍കിയ വിവാഹമോചന ഹര്‍ജിയിന്മേലാണ് കോടതിയുടെ വിധി.
2009ലാണ് ഇവര്‍ വിക്ടര്‍ സൈന ബ്‌ളജ് ഡ്രക്കു എന്നയാളെ വിവാഹം കഴിച്ചത്. 2009ല്‍ റജിസ്ട്രാറുടെ മുന്‍പില്‍ വിവാഹിതരായെങ്കിലും പരമ്പരാഗത ഘാന വിവാഹ ചടങ്ങുകളും നടത്താമെന്ന് ഇരുവരും ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതെ വിക്ടര്‍ മുങ്ങുകയായിരുന്നു. അതിനുശേഷം
ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും മാത്രമെ ഇയാളുമായി ബന്ധപ്പെടാന്‍ എലനോരയ്ക്ക് സാധിച്ചിരുന്നുള്ളു. ഇയാളുടെ അവസാന സ്ഥിര വിലാസം 2011ല്‍ മാറി. സ്ഥിരവിലാസമില്ലാത്തതിനാല്‍ വിവാഹമോചന പത്രം അയക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗപ്പെടുത്താമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.
ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ ആഴ്ചയില്‍ ഒന്നു വീതം മൂന്ന് ആഴ്ച തുടര്‍ച്ചയായി വിവാഹമോചനപത്രം അയക്കുകയോ അല്ലെങ്കില്‍ വിക്ടര്‍ മെസേജ് ലഭിച്ചതായി സമ്മതിക്കുകയോ ചെയ്യുന്നതു വരെ മെസേജ് അയക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദ്യ മെസേജ് ഇതിനകം അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല.