ക്രൂഡ് ഓയില്‍ വില കുത്തനെ താഴേക്ക്, കൂടെ റബര്‍ വിലയും

ക്രൂഡ് ഓയില്‍ വില കുത്തനെ താഴേക്ക്, കൂടെ റബര്‍ വിലയും
മുംബൈ| VISHNU.NL| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (18:49 IST)
ചരിത്രത്തിലേ തന്നെ ഏറ്റവും വലിയ വിലത്തകര്‍ച്ച നേരിടുന്ന ക്രൂഡ് ഓയില്‍ വീണ്ടും കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 84 ഡോളറിലും താഴേക്ക് ഇടിയുകയാണ് ചെയ്തിരിക്കുന്നത്. ഓപെക് രാജ്യങ്ങള്‍ക്ക് പുറമേ അമേരിക്ക പാറയിടുക്കില്‍ നിന്നുള്ള ഇന്ധനമായ ഷേല്‍ ഗ്യാസ് വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിച്ച് തുടങ്ങിയതും വന്‍ എണ്ണ ഉപഭോക്താക്കളായ യൂറോപ്പിന്‍റേയും ചൈനയുടേയും ആവശ്യകത ഉയരാത്തതും വിലയെ ബാധിച്ചു.

80 ശതമാനത്തോളം ക്രൂഡ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് ഇത് തികച്ചും അനുകൂലമായ കാര്യമാണ്. ഡീസല്‍, പെട്രോള്‍, പാചകവാതക വില കുത്തനെ കുറയാന്‍ ഇത് ഇടയാക്കും. 2015 ലും വിലയില്‍ ഇപ്പോഴത്തെ നിലയില്‍ നിന്ന് കാര്യമായ വര്‍ധനയുണ്ടാവില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഷേല്‍ ഗ്യാസിന് മറ്റ് ക്രൂഡ് ഓയിലിനേക്കാള്‍ വില്‍ കുറവാണെന്നതിനാല്‍ ഇന്ത്യ ഷേല്‍ ഗ്യാസ് ഇറക്കുമതി ചെയ്തും ചെലവു കുറയ്ക്കാനുള്ള സാധ്യതയുണ്ട്.

അതേ സമയം ക്രൂഡ് ഓയില്‍ വില ഇടിയുന്നത് കേരളത്തിലെ റബ്ബാര്‍ കര്‍ഷകര്‍ക്ക് നല്ല സൂചനകളല്ല നല്‍കുന്നത്. സിന്തറ്റിക് റബര്‍ ഉത്പാദിപ്പിക്കുന്നത് ക്രൂഡ് ഓയിലില്‍ നിന്നാണ്. അതിനാല്‍ ക്രൂഡ് ഓയിലിന് വിലകുറയുന്നത് സിന്തറ്റിക് റബറിന്റെ വ്യാപക ഉപയോഗത്തിന് വഴിവയ്ക്കും. ടയര്‍ കമ്പനികള്‍ ചെലവ് കുറയ്ക്കാന്‍ സിന്തറ്റിക് റബറിനെ കൂടുതലായി ആശ്രയിക്കുന്നതാണ് ആഗോളവിപണിയിലും ഇവിടേയും റബര്‍വില ഇടിയാന്‍ കാരണമായിരിക്കുന്നത്.

ഭാവിയിലും ഇത് തുടരാന്‍ സാധ്യത ഉള്ളതിനാല്‍ റബര്‍വിലയില്‍ ഉയര്‍ച്ച കാര്യമായി പ്രതീക്ഷിക്കേണ്ടതില്ല. അതേ സമയം ക്രൂഡ് ഓയിലിന്റെ വന്‍ ഉല്‍പാദകരായ ഇറാന്‍റേയും റഷ്യയുടേയും സമ്പദ്ഘടനയെ തന്നെ തകര്‍ക്കാന്‍ അമേരിക്കയും സൗദി അറേബ്യേയും ചേര്‍ന്ന് ക്രൂഡ് വില ഇടിക്കുന്നതാണെന്നും ആരോപണമുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :