ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം 60 ലക്ഷം കടന്നു, അമേരിക്കയും ബ്രസീലും കടുത്ത ആശങ്കയിൽ

അഭിറാം മനോഹർ| Last Modified ശനി, 30 മെയ് 2020 (07:25 IST)
ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം 60 ലക്ഷം കടന്നു. ഇതുവരെ 6,026,108 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 3,66,415 പേർ മരിച്ചു.2,655,970 പേർ രോഗമുക്തി നേടി. അമേരിക്കയിൽ മാത്രം 18 ലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മരണസംഖ്യ ഒരു ലക്ഷം പിന്നിട്ടു.

കൊവിഡ് വ്യാപനത്തിന് കഴിഞ്ഞ ദിവസങ്ങളിൽ ശമനമുണ്ടാകുന്നതായ സൂചനകൾ ലഭിച്ചിരുന്നെങ്കിലും അമേരിക്കയിൽ വീണ്ടും കൊവിഡ് നാശം തുടരുന്നതാണ് ഇന്നലെ കാണാനായത്.കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ അമേരിക്കയില്‍ 24,802 പേരിലും ബ്രസീലില്‍ 29,526 പേരിലും രോഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ 1,209 പേരും ബ്രസീലിൽ 1,180 പേരുമാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടത്.റഷ്യയില്‍ 8,572 പേരിലും പെറുവില്‍ 6,506 ആളുകളിലും ചിലിയില്‍ 3,695 പേരിലും മെക്‌സിക്കോയില്‍ 3,377 പേരിലും രോഗം സ്ഥിരീകരിച്ചു.

യൂറോപ്പിൽ രോഗവ്യാപനം കുറഞ്ഞുവെങ്കിലും യുകെയിലെ മരണസംഖ്യ 40,000ത്തിനടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,095 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 324 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കുറച്ചതാണ് മരണസംഖ്യ വീണ്ടും ഉയരാൻ കാരണമായതെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :