ലണ്ടണ്‍|
VISHNU.NL|
Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (15:57 IST)
ദീപാവലിയും ഈദും അവധി ദിവസങ്ങളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒപ്പു സമാഹരണം വിജയിച്ചു. ഇതോടെ ഹൗസ് ഓഫ് കോമണില്‍ ആശങ്ക പടര്‍ന്നു തുടങ്ങി. ഒന്നേകാല്‍ ലക്ഷത്തിലേറെയാളുകളാണ് ആവശ്യത്തിനനുകൂലമായി ഒപ്പിട്ടത്.
2011ല്‍ അവതരിപ്പിച്ച ഇപെറ്റീഷന്‍ സ്‌കീം പ്രകാരം ഒരുലക്ഷത്തിലേറെപ്പേര്‍ ഒപ്പിട്ടാല്‍ ആ പെറ്റീഷന്‍ കോമണ്‍സില്‍ ചര്‍ച്ചയ്‌ക്കെടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഈ പെറ്റീഷന്‍ പരിഗണിക്കപ്പെടുമെന്ന് ഉറപ്പായി.
എന്നാല്‍ മറ്റു മതവിഭാഗക്കാരുടെ ഉത്സവങ്ങളും ആഘോഷങ്ങളും ഇതുപോലെത്തന്നെ പ്രാമുഖ്യമുള്ളവയാണ്. അവരും ഒപ്പുശേഖരണം നടത്തിയാല്‍ അവധി പ്രഖ്യാപിക്കേണ്ടിവരും എന്നതാണ് ഹൗസ് ഓഫ് കോമണിനെ കുഴയ്ക്കുന്ന പ്രശ്നം.
സെന്റ് ജോര്‍ജ്‌സ് ഡേ, സെന്റ് ഡേവിഡ്‌സ് ഡേ എന്നിവ ഹോളിഡേയാക്കണമെന്ന് നേരത്തെമുതല്‍ ആവശ്യമുന്നയിച്ചിരുന്നവര്‍ വീണ്ടും മുറവിളിയുമായി രംഗപ്രവേശം ചെയ്യുമെന്നും കരുതുന്നു.
119,000 പേരാണ് ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പിട്ടിരിക്കുന്നത്. ഒപ്പുശേഖരണം തീരാന്‍ ഇനി മൂന്നുമാസം കൂടി ബാക്കിയുണ്ട്. പാസായാല്‍ ഇത് രാജ്യത്ത് ആദ്യ ക്രിസ്ത്യന്‍ ഇതര അവധിയാകുമെന്നതിനാല്‍ കോമണ്‍സിലെ ചര്‍ച്ചകള്‍ കോലാഹലങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അനുമാനിക്കുന്നത്.