കള്ളപ്പണം വെളുപ്പിക്കല്‍, ജനീവയിലെ എച്ച്എസ്ബിസി ബാങ്കിന്റെ ശാഖകളില്‍ റെയ്ഡ്

ജനീവ| vishnu| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (18:21 IST)
കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ നിക്ഷേപകരെ സഹായിച്ചു എന്ന പരാതിയെ തുടര്‍ന്ന് ജനീവയിലെ എച്ച്എസ്ബിസി ബാങ്കിന്റെ ശാഖകളില്‍ സ്വിറ്റ്സര്‍ലണ്ട് അധികൃതര്‍ റെയ്ഡ് നടത്തി. ബാങ്കിലെ കള്ളപ്പണം കണ്ടെത്താനാണ് സ്വിസ് ശാഖയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ബാങ്കുവഴി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോ എന്നാണ് സ്വിസ് പൊലീസ് പരിശോധിക്കുന്നത്. ബാങ്കില്‍ കള്ളപ്പണ നിക്ഷേപം നടത്തിയവരിലേക്കും അന്വേഷണം നീണ്ടേക്കുമെന്ന് പൊലീസ് അറിയിച്ചു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബാങ്കിനെതിരെ നേരത്തെ തന്നെ നടപടികള്‍ തുടങ്ങിയിരുന്നു. ജനീവയിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഒലിവര്‍ ജോര്‍ണോട്ട്, അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ യേവ്സ് ബെര്‍ട്ടോസ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബാങ്കിനെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. ധനികരായ നിക്ഷേപകര്‍ക്ക് നികുതി വെട്ടിക്കുന്നതിനായി ബാങ്ക് സഹായം ചെയ്യുന്നതായി ആരോപണം ഉയര്‍ന്നിരുന്ന പശ്ചാത്തലത്തിലാണ് റെയ്ഡെന്നും അവര്‍ പറഞ്ഞു.

സ്വിസ് ലീക്ക് കേസ് എന്ന പേരില്‍ പൊതുജനശ്രദ്ധ നേടിയ കേസിന്റെ ഭാഗമായാണ് റെയ്ഡ്.
അന്വേഷണത്തെ സഹായിക്കുന്ന ഏതെങ്കിലും തലത്തിലുള്ള ഫയലുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റെയ്ഡ് നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 2007ല്‍ എച്ച്എസ്ബിസിയിലെ ഐടി വര്‍ക്കറായിരുന്ന ഹെര്‍വെ ഫല്‍സിയാനി മോഷ്ടിച്ച ഫയലുകളില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കലിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഫയലുകളില്‍ സെലിബ്രിറ്റികള്‍, ആയുധ ഇടപാടുകാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യ അടക്കമുള്ള ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നായി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ നിക്ഷേപമാണ് എച്ച്സിബിസി ബാങ്കിലുള്ളത്. നികുതി വെട്ടിച്ച് സൂക്ഷിച്ചിരിക്കുന്ന ഈ പണം ഏതാണ്ട് 119 ബില്യണ്‍ ഡോളര്‍ വരും. ബാങ്ക് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്ത നിക്ഷേപകരുടെ അക്കൌണ്ടുകള്‍ നിര്‍ത്തലാക്കുമെന്ന് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഫ്രാങ്കോ മോറ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. അതിനു പിന്നാ‍ലെയാണ് റെയ്ഡ് നടന്നിരിക്കുന്നത്. എന്നാല്‍, ഇന്ന് നടന്ന റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാന്‍ ബാങ്ക് അധികൃതര്‍ വിസമ്മതിച്ചു. എച്ച്എസ്ബിസിയില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പട്ടിക നേരത്തെ പുറത്തുവന്നിരുന്നു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :