ജിബിന്‍ ജോര്‍ജ്|
Last Updated:
തിങ്കള്‍, 13 ഏപ്രില്‍ 2015 (15:40 IST)
“ അത്ഭുതങ്ങളെ ഞാന്‍ സിംഹക്കുട്ടികളോടാണ് ഉപമിക്കുന്നത്. അതിന് കാരണം സിംഹക്കുട്ടികളെ മെരുക്കിയെടുക്കാനും കൂടെ കൊണ്ടു നടക്കുന്നതും ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. അതിനാല്‍ ഇരുമ്പ് കൂടുകളില്‍ കിടക്കുന്ന ആ അത്ഭുതങ്ങള്‍ കാണാനാണ് ഞാന്‍ കൊതിക്കുന്നത്. പക്ഷേ ചില കാലങ്ങളില്‍ ചില അത്ഭുതങ്ങള്‍ ഇരുമ്പ് കൂട് പൊളിച്ച് എന്റെ നേര്‍ക്ക് വരും. ആദരവോടെയാണ് ഞാന്‍ ആ നിമിഷത്തെ കാണുന്നതും സമീപിക്കുന്നതും. പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കും ” - ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസ് ഫിഡല്‍ കാസ്‌ട്രോയെ ഉപമിച്ച വാക്കുകള്‍ ആണിത്. ഈ വാക്കുകള്‍ സാദൃശ്യപ്പെടുത്താന്‍ പറ്റിയ ഏറ്റവും നല്ല നിമിഷമാണ് ഇന്നുള്ളത്. പതിറ്റാണ്ടുകളായി കൂബയ്‌ക്ക് മേല്‍ അമേരിക്കന്‍ ശക്തികള്‍ അടിച്ചേല്‍പ്പിച്ചിരുന്ന ഉപരോധങ്ങളില്‍ വന്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി ക്യൂബയുമായി കൂടുതല്‍ സഹകരണത്തിനുള്ള നടപടികള്‍ തുടരാമെന്ന് വ്യക്തമാക്കി
അമേരിക്ക റൌള്‍ കാസ്ട്രോയ്ക്ക് കൈ കൊടുത്തപ്പോള്‍ ഫിഡല്‍ കാസ്ട്രോയുടെ മുന്നിലാണ് പരാജയം സമ്മതിച്ചത്. അത്രത്തോളം ഉണ്ടായിരുന്നു അമേരിക്കയ്ക്ക് ക്യൂബയെന്ന കൊച്ചു രാജ്യത്തോട് ഉണ്ടായിരുന്ന വൈരാഗ്യം.
ലോകചരിത്രത്തില്‍ നിന്ന് മായിച്ചാല്‍ മാഞ്ഞു പോകാത്ത ഒരു സായുധ വിപ്ലവത്തിലൂടെയായിരുന്നു അമേരിക്കയുടെ പാവയായിരുന്ന ബാറ്റിസ്‌റ്റ സര്‍ക്കാരിനെ താഴെയിറക്കി 1959 ജനുവരി ഒന്നിന് ഫിഡല്‍ കാസ്‌ട്രേയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്‌റ്റ് റിപ്പബ്ലിക്ക് അധികാരം പിടിച്ചെടുത്തത്. തങ്ങളുടെ മൂക്കിന് താഴെ ക്യൂബയെന്ന കൊച്ചുരാജ്യം തങ്ങളെ വെല്ലുവിളിച്ച് കരുത്തോടെ നില്‍ക്കുന്നത് സാമൃജ്യത്വശക്തികള്‍ക്ക് നോക്കി നില്‍ക്കാന്‍ കഴിഞ്ഞില്ല. ഒളിഞ്ഞും തെളിഞ്ഞും ക്യൂബയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്ക ശ്രമിച്ചു. സര്‍വ്വമേഖലകളിലും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി സാമ്പത്തികനില തരിപ്പണമാക്കുന്നതിനായിരുന്നു അമേരിക്ക എന്നും ശ്രമിച്ചത്. പഞ്ചസാരയുടെ കലവറയായ ക്യൂബയില്‍ കരിമ്പ് വിളവെടുപ്പ് കാലത്ത് അന്തരീക്ഷത്തില്‍ ഡിംഗു, ഓറഞ്ച് പനികളുടെ ബീജങ്ങള്‍ വ്യാപിപ്പിച്ച് തൊഴിലാളികളെ ശാരീരികമായി തളര്‍ത്താന്‍ അമേരിക്ക വന്‍ ശ്രമങ്ങളാണ് നടത്തിയത്. ധാന്യങ്ങളുടെ കലവറയായ മെക്‍സിക്കോയും പഴങ്ങളും സുഗന്ധദ്രവ്യങ്ങളും അളവിലും കൂടുതല്‍ ഉള്ള കോസ്‌റ്ററിക്കയും. എണ്ണയുടെ കേന്ദ്രമായ വെനിസ്വേലയും ക്യൂബയുടെ ഒപ്പം ചേര്‍ന്നത് അമേരിക്കയ്ക്ക് സഹിക്കാന്‍ കഴിയുന്നത് ആയിരുന്നില്ല.
ഇന്ന് ലോകത്തെ 96ശതമാനം വാര്‍ത്താപ്രവാഹവും നിയന്ത്രിക്കുന്നത് നാല് പാശ്ചാത്യ ഏജന്‍സികളാണ് (ഇവയില്‍ രണ്ടെണം അമേരിക്കയില്‍). ഈ സാഹചര്യം മുതലെടുത്ത് ഫിഡലിനെയും ക്യൂബയെയും എന്നും താറടിച്ച് കാണിക്കുന്നതിനായിരുന്നു അമേരിക്കന്‍ ശ്രമങ്ങള്‍ നടന്നിരുന്നത്. കോടി കണക്കിന് ഡോളര്‍ പണം ഇതിനായി അമേരിക്ക ചെലവഴിക്കുകയും ചെയ്തു. അമേരിക്കയില്‍ എത്ര സാമ്പത്തികപ്രശ്‌നങ്ങള്‍ ഉടലെടുത്താലും അതിനെ നേരിടുന്നതിലും പ്രാധാന്യം ക്യൂബയെ ആഗോളതലത്തില്‍ ചെറുതാക്കി കാണിക്കുന്നതില്‍ അമേരിക്കന്‍ ശക്തികള്‍ നല്‍കിയിരുന്നു.
അമേരിക്കന്‍ ഉപരോധങ്ങളില്‍
ക്യൂബ തളര്‍ന്നപ്പോള്‍ ഫിഡല്‍ നയിച്ച പാതയിലൂടെ ആര്‍ജവത്തോടെ ക്യൂബ മുന്നോട്ട് പോയി. അമേരിക്കയുമായി ചങ്ങാത്തമുള്ള എല്ലാ രാജ്യങ്ങളുമായുള്ള വ്യാപര ഇടപാടുകളില്‍ നിന്നും ക്യൂബയെ മാറ്റി നിര്‍ത്തി. എന്നും അമേരിക്കയെ വെല്ലുവിളിച്ചിരുന്ന സോവിയറ്റ് യൂണിയന്‍ ഫിഡലിന്റെ തോള്‍ ചേര്‍ന്നപ്പോള്‍ ലാറ്റിനമേരിക്കയുടെ കേന്ദ്ര ബിന്ദുവായി തീര്‍ന്നു ക്യൂബ. ആരോഗ്യം, വിദ്യാഭ്യാസം, സമ്പത്തികം, രാഷ്‌ട്രീയം എന്നീ മേഖലകളില്‍ ഈ കാലയളവില്‍ ക്യൂബ മുന്നേറിയതോടെ ലാറ്റിനമേരിക്കയിലെ അവസാന വാക്കായി തീര്‍ന്നു ക്യൂബ. ഇതോടെ അമേരിക്കയുടെ ശത്രുത കൂടി വരികയും ചെയ്തു. അമേരിക്കന്‍ കുത്തകകള്‍ കൈയടക്കി വെച്ചിരുന്ന ഭൂമിയും കൃഷിയിടങ്ങളും കാസ്‌ട്രോ രാജ്യത്തിന്റേതായി കണ്ടു കെട്ടിയതോടെ കാസ്ട്രോ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമേരിക്ക കൂടുതല്‍ സജീവമാക്കി.
സി ഐ എയുടെ ഒരു ടീമിനെ തന്ന ഇതിനായി നിയമിച്ചു. ഫിഡല്‍ സ്വേച്‌ഛാധിപതിയാണെന്നും അവിടെ നടക്കുന്നത് കുടുംബ വാഴ്‌ചയാണെന്നും അമേരിക്ക സി ഐ എയുടെ സഹായത്തോടെ ലോകത്തോട് വിളിച്ചു പറഞ്ഞു. ഇതിനായി സ്‌പാനിഷ് ഭാഷയില്‍ റേഡിയോ - ടിവി ചാനലുകള്‍ അമേരിക്ക ആരംഭിക്കുകയും ചെയ്തു. ഇതിനായി അമേരിക്ക 250 കോടിയോളം രൂപയാണ് ചെലവാക്കിയത്. ഇതിനിടെ കാസ്‌ട്രോയെ വധിക്കാന്‍ നിരവധി പദ്ധതികള്‍ അമേരിക്ക ആസൂത്രണം ചെയ്യുകയും ചെയ്തു.
ഫിഡലിനെ വധിക്കാന്‍ 600ലേറെ തവണയാണ് അമേരിക്ക ശ്രമങ്ങള്‍ നടത്തിയത്. “ഫിഡലിനെ വധിക്കാന്‍ 638 മാര്‍ഗങ്ങള്‍ ” എന്ന അമേരിക്കന്‍ ഡോക്യമെന്ററി പോലും ഇതിന് ഉദ്ദാഹരണമാണ്. 1998ല്‍ വെനിസ്വേലന്‍ പ്രസിഡന്റായി ഹ്യൂഗോ ഷാവോസ് എത്തിയതോടെ ക്യൂബ കൂടുതല്‍ കരുത്താര്‍ജിച്ചു. അമേരിക്കയില്‍ മാറി മാറി വന്ന ഒമ്പത് പ്രസിഡന്റുമാരെ ഏറ്റവും വലച്ചിരുന്ന പ്രശ്‌നം ക്യൂബയും ഫിഡലും തന്നെയായിരുന്നു. ഏകദേശം 2003വരെ ക്യൂബയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക നടപ്പിലാക്കി. ക്യൂബന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ 2003ല്‍ വിദേശകാര്യവകുപ്പില്‍ പ്രത്യേക വകുപ്പ് തന്നെ അമേരിക്ക സൃഷ്‌ടിച്ചു.
അമേരിക്കയുമായി 80ശതമാനത്തോളം ബന്ധം അവസാനിപ്പിച്ച ശേഷം ഒന്നില്‍ നിന്നായിരുന്നു ക്യൂബ തുടങ്ങിയത്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോല്‍ ക്യൂബയുടെ പതനത്തിന് ദിവസങ്ങള്‍ മാത്രം എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ എഴുതി. എന്നാല്‍ തങ്ങള്‍ക്ക് ചുറ്റുമുള്ള കൊച്ചു രാജ്യങ്ങള്‍ ചേര്‍ത്ത് പിടിച്ച് ഫിഡല്‍ കൂടുതല്‍ കരുത്തനാകുകയായിരുന്നു. ഇതോടെ എല്ലാ അര്‍ത്ഥത്തിലും ക്യൂബയെന്ന കൊച്ചു രാജ്യം മെച്ചപ്പെട്ടു.
വിദ്യാഭ്യാസ - ആരോഗ്യ മേഖലയില്‍ ലോകരാജ്യങ്ങളെ നാണിപ്പിക്കുന്ന മുന്നേറ്റങ്ങളാണ് ഫിഡലിന്റെ നേതൃത്വത്തില്‍ ക്യൂബ കൈവരിച്ചത്. പഴുതടച്ചതായിരുന്നു വിദ്യാഭ്യാസ രംഗം. പ്രാഥമിക വിദ്യാലയങ്ങളില്‍ രാജ്യത്തെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും എത്തിക്കാന്‍ കഴിഞ്ഞു. പന്ത്രണ്ട് കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്നാണ് അവിടുത്തെ കണക്ക്. ഇന്ത്യയിലാകട്ടെ അമ്പത് കുട്ടികള്‍ക്ക് ഒരു അധ്യാപ്കന്‍ എന്നതാണ് കണക്ക്. 99ശതമാനം കുട്ടികളും സ്‌കൂളില്‍ എത്തുകയും 100ശതമാനം പേര്‍ക്കും സൌജന്യ വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നതും ആരെയും കൊതിപ്പിക്കുന്ന കാര്യം തന്നെയാണ്. ഇതിലൂടെ ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് ക്യൂബ തരംഗമായി തീര്‍ന്നു.
2006 ഫിഡല്‍ രോഗബാധിതനായപ്പോല്‍ അമേരിക്ക തുള്ളിച്ചാടി. അദ്ദേഹം മരിച്ചെന്നു പോലും അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. ആരോഗ്യം നശിക്കുന്നതായി തോന്നിയ അദ്ദേഹം 2008ല്‍ സഹോദരന്‍ റൌള്‍ കാസ്ട്രോയെ അധികാരം ഏല്‍പ്പിച്ച് മാറി നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ അമേരിക്കയെ വെല്ലുവിളിച്ച് അവര്‍ വളര്‍ന്നിരുന്നു. തങ്ങളുടെ കൈയില്‍ ക്യൂബ നില്‍ക്കില്ലെന്ന് ഒരു പരിധിവരെ മനസിലാക്കിയ അമേരിക്ക, 2014 ഡിസംബര്‍ 17ന് നയതന്ത്ര ബന്ധം പുനസ്ഥാപിക്കുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയതോടെ, പുതിയ ഒരു ചരിത്രം രചിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ ഇതാ റൌള്‍ കാസ്ട്രോയും അമേരിക്കന്‍ പ്രസിഡന്റെ ബരാക് ഒബാമയും തമ്മില്‍ നേര്‍ക്കുനേര്‍ കാണുകയും ഒരുമിച്ച് മുന്നോട്ട് പോകാന്‍ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്നു.
1960ല്‍ അമേരിക്ക - ക്യുബ ബന്ധം തകര്‍ന്നപ്പോഴും 1961ല്‍ നയതന്ത്ര ബന്ധം വിച്‌ഛേദിക്കപ്പെട്ടപ്പോഴും 1982ല്‍ ക്യൂബയെ ഭീകരരാഷ്‌ട്രങ്ങളുടെ പട്ടികയില്‍പ്പെടുത്തി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോഴും അമേരിക്ക ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. പനാമയില്‍ വെച്ച് ഒബാമ റൌളിന് കൈ കൊടുത്തപ്പോള്‍ അമേരിക്കയുടെ പരാജയത്തിന്റെ തുറന്ന് പറച്ചിലായിരുന്നു ആ നിമിഷം. തങ്ങളുടെ അധികാര ഗര്‍വിന് കിട്ടിയ വന്‍ തിരിച്ചടിയെന്നും അവര്‍ക്ക് സമ്മതിക്കേണ്ടി വരും. ഇനിയും ഉപരോധവും വിരോധവും തുടരാന്‍ ആവില്ലെന്നും അത്തരം പ്രവര്‍ത്തങ്ങള്‍ വിലപ്പോകില്ലെന്നും അമേരിക്കയ്ക്ക് തിരിച്ചറിവ് ഉണ്ടായിരിക്കുന്നു. ശക്തനായ ഒരു മല്ലനെ ജയിക്കുന്നതിലും ഭേദം ഏഴ് കുള്ളന്മാരെ നിയന്ത്രിക്കുകയാണെന്ന അമേരിക്കന്‍ തത്വം തരിപ്പണമായി എന്നു തന്നെ പറയാവുന്നതാണ്. അമേരിക്കയ്ക്ക് ഇനി എന്ത് ചെയ്യാന്‍ പറ്റും എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. ചിരിച്ചോണ്ട് കഴുത്തറുക്കുക എന്ന തന്ത്രം ഇനി നടപ്പാകുമോ എന്ന് കണ്ടറിയാം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.