കാസ്ട്രോ മരിച്ചിട്ടില്ല; തീര്‍ത്തും ആരോഗ്യവാന്‍

ഹവാന| Joys Joy| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (09:24 IST)
അഭ്യൂഹങ്ങള്‍ക്കും കിംവദന്തികള്‍ക്കും വിരാമം. വിപ്ലവനേതാവും ക്യൂബയുടെ മുന്‍ പ്രസിഡന്റുമായ ഫിഡല്‍ കാസ്ട്രോയുടെ ചിത്രങ്ങള്‍ പുറത്ത്. ക്യൂബന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ആണ് കഴിഞ്ഞ തിങ്കളാഴ്ച ഫോട്ടോയും റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചത്.

ഹവാന സര്‍വ്വകലാശാലയിലെ ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് പ്രസിഡന്റ് ആയ റാന്‍ഡി പെര്‍ഡോമോ ഗാര്‍ഷ്യയുമായും ഭാര്യ ഡാലിയയുമായും 88കാരനായ കാസ്ട്രോ സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. ജനുവരി 23നാണ് കാസ്ട്രോയുമായുള്ള അഭിമുഖം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ വെനെസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുമൊത്തുള്ളതായിരുന്നു കാസ്ട്രോയുടെ അവസാനമായി പുറത്തുവന്ന ചിത്രം, കഴിഞ്ഞവര്‍ഷം ജനുവരി എട്ടിന് ആയിരുന്നു അദ്ദേഹം അവസാനമായി പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെട്ടത്. ഹവാനയിലെ ഒരു ആര്‍ട്ട് ഗാലറി ഉദ്ഘാടനം ചെയ്യുന്നതിനു വേണ്ടിയായിരുന്നു അത്.

ഡിസംബറില്‍ ദീര്‍ഘകാലത്തെ ശത്രുതയ്ക്ക് ശേഷം അമേരിക്കയും കമ്യൂണിസ്റ്റ് ക്യൂബയും നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ , അമേരിക്കയുടെ കടുത്ത വിമര്‍ശകനായ കാസ്‌ട്രോ നിലപാടുമാറ്റത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ കാസ്‌ട്രോയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. കാസ്‌ട്രോ മരിച്ചിരിക്കാം എന്നുവരെ അഭിപ്രായപ്രകടനങ്ങളുണ്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :