പെണ്‍കുട്ടികളെ രക്ഷിക്കാന്‍ അമേരിക്കന്‍ സംഘം നൈജീരിയയില്‍ എത്തി

അബുജ| Last Modified വെള്ളി, 9 മെയ് 2014 (14:53 IST)
നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ സ്‌കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയ 200 ലധികം വരുന്ന പെണ്‍കുട്ടികളെ മോചിപ്പിക്കുന്നതിനായി അമേരിക്കന്‍ സംഘം നൈജീരിയയിലെത്തി.

പ്രത്യേക പരിശീലനം നേടിയ സംഘം പെണ്‍കുട്ടികളുടെ മോചനത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും ഇത് രാജ്യത്തെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് എതിരായ യുദ്ധത്തിലെ വഴിത്തിരിവാണെന്നും നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്‌ലക് ജൊനാഥന്‍ പറഞ്ഞു.

ഏപ്രില്‍ 14ന് രാത്രിയിലാണ് ചിബോക് പട്ടണത്തിലെ ബോഡിങ് സ്‌കൂളില്‍നിന്ന് പെണ്‍കുട്ടികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോവുകയല്ല, കല്യാണം കഴിച്ചു ജീവിക്കുകയാണ് വേണ്ടത് എന്നും അവരെ തങ്ങള്‍ വില്‍ക്കാന്‍ പോവുകയാണെന്നും സംഘടന പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ബോകോഹറാം നേതാവ് ഭീഷണി മുഴക്കിയിരുന്നു.

തീവ്രവാദികള്‍ക്കെതിരായ നടപടി വൈകുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ കടുത്ത വിമര്‍ശം നേരിടുന്നതിനിടെയാണ് അമേരിക്കന്‍ സംഘം പെണ്‍കുട്ടികളെ രക്ഷിക്കാനായി രംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :