സൗത്ത് കരോളീന|
jibin|
Last Modified വ്യാഴം, 18 ജൂണ്‍ 2015 (11:23 IST)
നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമേരിക്കയിലെ സൗത്ത് കരോളീനയിലെ കാള്‍സ്റ്റണ്‍ ആഫ്രിക്കൻ അമേരിക്കൻ പള്ളിയിൽ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ ഒമ്പത് പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
സൌത്ത് കരോളിനയിലുളള ഇമ്മാനുവല്‍ എഎംഇ ദേവാലയത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. 21 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതനാണ് വെടിയുതിര്‍ത്തത് എന്നാണ് പൊലീസ് നിഗമനം. ഇയാള്‍ ഇപ്പോഴും പള്ളിക്കകത്ത് തന്നെ ഒളിച്ചിരിക്കുന്നതായാണ് സംശയം.
ബുധനാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പത് മണിക്ക് നടന്ന ആരാധനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. പള്ളിയിലെത്തിയ ആയുധധാരി തുരു തുരാ വെടിയുതിർക്കുകയായിരുന്നു.
ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണുള്ളത്.
എട്ടു പേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേയ്ക്ക് പോകുംവഴിയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങളാണ് പള്ളിക്കകത്തുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഒരാള്‍ പെട്ടെന്ന് പള്ളിക്കകത്തേക്ക് കയറി വെടിയുതിര്‍ക്കുകയായിരുന്നെന്ന് പള്ളിയിലെ പുരോഹിതനായ തോമസ് ഡിക്‌സണ്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും കൃത്യമായി പറയാനാകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
വാക്കുകളില്‍ വിവരിക്കാനാവുന്നതിനുമപ്പുറമുളള ഹൃദയം തകര്‍ക്കുന്ന ദുരന്തമാണ് ഉണ്ടായതെന്ന് ചാള്‍സ്റണ്‍ മേയര്‍ ജോ റിലേ പ്രതികരിച്ചു. അന്വേഷണം തുടങ്ങിയെന്നും അക്രമിയെ എത്രയും വേഗത്തില്‍ പിടികൂടുമെന്നും മേയര്‍ പറഞ്ഞു. അക്രമകാരിയെ കണ്ടെത്താനായിട്ടില്ല. ജീൻസും ബൂട്ട്സും ഇറുകിയ ഷർട്ടും ധരിച്ചെത്തിയ വെള്ളക്കാരനായ അക്രമി ഇരുപത്തിയൊന്നു വയസ് പ്രായം തോന്നിക്കുന്ന വ്യക്തിയാണെന്ന് ഷാൾസ്റ്റെൺ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിയെ കണ്ടെത്താനുള്ള ഊർജ്ജിതമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
1816-ല്‍ പണികഴിപ്പിക്കപ്പെട്ട കാള്‍സ്റ്റണിലെ ഏറ്റവും പഴക്കംചെന്ന പള്ളികളില്‍ ഒന്നാണിത്. കാള്‍സ്റ്റണിലെ അമേരിക്കന്‍-ആഫ്രിക്കന്‍ വിഭാഗക്കാര്‍ അവരുടെ ആരാധനയ്ക്കായി സ്വയം പള്ളി പണിയുകയായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പള്ളി സ്ഥാപകരില്‍ ഒരാള്‍ അടിമക്കച്ചവടത്തിന് പിടിക്കപ്പെട്ടെങ്കിലും ശിക്ഷിക്കപ്പെട്ടില്ല. കേസ് നടക്കുന്നതിനിടെ പള്ളി സാമൂഹ്യദ്രോഹികള്‍ അഗ്നിക്കിരയാക്കി. 1834-ല്‍ പള്ളി പുനര്‍ നിര്‍മിക്കുകയും ചെയ്തു.