അഭിറാം മനോഹർ|
Last Updated:
ശനി, 8 ഫെബ്രുവരി 2020 (15:04 IST)
ഭീകരസംഘടനയായ അൽ ഖയിദയുടെ നേതാവ് അയ്മൻ അൽ സവാഹിരിയുടെ പിൻഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഖാസിം അൽ റിമിയെ (46) വധിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2015ൽ
യെമൻ ഘടകം തലവനായി സ്ഥാനമേറ്റ റിമി, ഫ്ലോറിഡ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.അമേരിക്കയിൽ കടന്നുകയറി ആക്രമണം നടത്താൻ കഴിഞ്ഞതിനാൽ അൽ റിമിയുടെ നേതൃത്വത്തിലുള്ള അൽ ഖയിദ ഘടകത്തെയാണ് അമേരിക്ക ഏറ്റവും വലിയ വെല്ലുവിളിയായി കണക്കാക്കിയിരുന്നത്.
എന്നാൽ ഖാസിം അൽ റിമിയെ യെമനിൽ നടത്തിയ വലിയൊരു ഭീകരവിരുദ്ധ ആക്രമണത്തിനിടെ വധിച്ചതെന്നു പറഞ്ഞതല്ലാതെ സൈനികനടപടിയുടെ വിശദാംശങ്ങൾ ഒന്നും തന്നെ ട്രംപ് പുറത്തുവിട്ടിട്ടില്ല. ഒരു കോടി ഡോളർ തലയ്ക്ക് വിലയിട്ടിരുന്ന റിമിയാണ് അൽഖായിദ അറേബ്യൻ ഉപഭൂഖണ്ഡ ഘടകം (എ ക്യൂ എ പി) സ്ഥാപിച്ചത്. എ ക്യൂ എ പി വിഭാഗത്തിന്റെ തലവനും അൽ റിമിയായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ ട്രംപ് ഗവണ്മെന്റ് നടത്തുന്ന മൂന്നാമത്തെ വലിയ സൈനികനടപടിയാണിത്. നേരത്തെ ഐഎസ് മേധാവി അബൂബക്കർ അൽ ബഗ്ദാദിയെ ഒക്ടോബറിലും മുതിർന്ന ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ ജനുവരിയിലും ട്രംപ് ഭരണഗൂഡം കൊലപ്പെടുത്തിയിരുന്നു.