അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന പദവി അമേരിക്കയില്‍ നിന്ന് ചൈന തട്ടിയെടുക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 20 വര്‍ഷത്തിനകം ചൈന ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമാകുമെന്നാണ് ലണ്ടനിലെ പ്രൈസ് വാട്ടര്ഹൌസ്കൂപ്പേഴ്സ് (പിഡബ്ല്യുസി) നടത്തിയ പഠനം വ്യക്തമാക്കുന്നത്. 2030 ഓടെ സാമ്പത്തിക വളര്‍ച്ചയില്‍ ചൈന യുഎസിനെ മറികടക്കും.
സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നില്‍ ഇന്ത്യ, ജപ്പാന്, ബ്രസീല്‍, റഷ്യ, ജര്‍മനി, മെക്സിക്കൊ, ഫ്രാന്‍സ്, ബ്രിട്ടണ് എന്നീ രാജ്യങ്ങള്‍ ഇടം പിടിക്കും. അമേരിക്ക, ജപ്പാന്, ചൈന, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടണ്, ഇറ്റലി, റഷ്യ, സ്പെയിന്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രാജ്യാന്തര നാണ്യനിധിയുടെ 2008ലെ കണക്കുകള്‍ അനുസരിച്ച് നിലവിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍.
2020നുശേഷം ഇന്ത്യയുടെ വളര്‍ച്ച ചൈനയേക്കാള്‍ വേഗത്തിലാവും. ചൈനയെ അപേക്ഷിച്ച് യുവജനതയുടെ സാന്നിധ്യമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് തുണയാവുക. 2030ഓടെ ആഗോള മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ (ജി ഡി പി) നിരക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും പങ്കാളിത്തം കൂടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.