ഹോളിവുഡ് നായിക മിഷേല്‍ യോയെ മ്യാന്മറിലെ പട്ടാള ഭരണകൂടം നാടുകടത്തി. വിപ്ലവനായിക ആംഗ് സാംഗ് സൂക്കിയെ കുറിച്ചുള്ള ഒരു സിനിമയില്‍ സൂക്കിയായി അഭിനയിച്ചതാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത് എന്ന് കരുതുന്നു. സൂക്കിയെ കുറിച്ചുള്ള സിനിമ പുറത്തിറങ്ങുന്നതിനു മുമ്പാണ് പട്ടാള ഭരണകൂടത്തിന്റെ പ്രതികാര നടപടി.
മലേഷ്യന്‍ നടിയായ മിഷേല്‍ ജൂണ്‍ 22 ന് ആണ് യാംഗൂണിലെത്തിയത്. ഇവര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ അതേ ദിവസം തന്നെ നാടുകടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
ഷൂട്ടിംഗിന്റെ മുന്നോടിയായി കഴിഞ്ഞ ഡിസംബറില്‍ മിഷേല്‍ സൂക്കിയെ സന്ദര്‍ശിച്ചിരുന്നു. തായ്ലന്ഡിലാണ് സൂക്കിയെ കുറിച്ചുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
‘ടുമോറോ നെവര്‍ ഡൈസ്’ എന്ന ബോണ്ട് ചിത്രത്തിലെ നായികയായി മിഷേല്‍ പേരെടുത്തിരുന്നു. ‘ക്രോച്ചിംഗ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍’, ‘മെമ്മോയിര്‍സ് ഓഫ് ഗെയ്ഷ’ എന്നീ ചിത്രങ്ങളിലും ഈ മുന്‍ മിസ് മലേഷ്യ തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്.