ലാദനെ കൊന്നതാര്? സീല്‍ കമാന്‍ഡോകള്‍ക്കിടയില്‍ തര്‍ക്കം!

വാഷിംഗ്‌ടണ്‍: | WEBDUNIA|
PRO
PRO
അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നു. ലാദനെ വെടിവച്ചുകൊന്നതു താന്‍ ഒറ്റയ്‌ക്കാണെന്ന ഒരു നേവി സീല്‍ കമാന്‍ഡോ നേരത്തേ അവകാശപ്പെട്ടിരുന്നു. ഇതിനെ എതിര്‍ത്തു ചിലര്‍ രംഗത്തെത്തിയതോടെയാണു സംഭവം വിവാദമായത്‌.

2011 മേയ്‌ ഒന്നിനു രാത്രി പാകിസ്ഥാനിലെ അബോട്ടാബാദിലെ ഒളികേന്ദ്രത്തില്‍ ലാദനെ വെടിവച്ചുകൊന്നതു താനാണെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എസ്‌ക്വയര്‍ മാസികയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണ് നേവി കമാന്‍ഡോ അവകാശപ്പെട്ടത്‌. ഒളികേന്ദ്രത്തിന്റെ മൂന്നാം നിലയില്‍ ഒറ്റയ്‌ക്കാണു കയറിയതെന്നും ലാദന്റെ തലയ്‌ക്കുനേര്‍ക്കു രണ്ടു തവണ വെടിയുതിര്‍ത്തതായും കമാന്‍ഡോ അവകാശപ്പെട്ടു. എന്നാല്‍, കമാന്‍ഡോയുടെ അവകാശവാദം തെറ്റാണെന്നു ചൂണ്ടിക്കാട്ടി സിഎന്‍എന്‍ ദേശീയ സുരക്ഷാ നിരീക്ഷകനും അല്‍-ക്വയ്‌ദ വിദഗ്‌ധനുമായ പീറ്റര്‍ ബെര്‍ഗന്‍ രംഗത്തെത്തി. നേവി സീല്‍ കമാന്‍ഡോ സംഘവുമായി നടത്തിയ അഭിമുഖത്തിനുശേഷമാണു ബെര്‍ഗന്‍ ഈ കമാന്‍ഡോയ്‌ക്കെതിരേ രംഗത്തെത്തിയത്‌.

നേവി കമാന്‍ഡോ സംഘത്തിലെ മൂന്നു പേരാണു ബിന്‍ ലാദന്‍ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ കയറിയത്‌. ഒരാള്‍ക്ക്‌ ലാദനെ തോക്കിന്‍ മുനയില്‍നിര്‍ത്താനും രണ്ടാമനു ലാദനെ വെടിവയ്‌ക്കാനുമായിരുന്നു ദൗത്യം. മൂന്നാമത്തെയാള്‍ മാര്‍ക്‌ ഓവന്‍ എന്ന തൂലികാനാമത്തില്‍ ലാദന്‍ ദൗത്യത്തെക്കുറിച്ച്‌ നോ ഈസി ഡേ എന്ന പുസ്‌തമെഴുതിയതായും മാറ്റ്‌ ബിസോണെറ്റ്‌ എന്നാണീ കമാന്‍ഡോയുടെ പേരെന്നും ബെര്‍ഗന്‍ പറഞ്ഞു. മുറിയില്‍ ആദ്യമെത്തിയ കമാന്‍ഡോയുടെ വെടിയേറ്റ്‌ ലാദന്‍ നിലത്തുവീണു. പിന്നാലെയെത്തിയ രണ്ടു പേരും വീണു കിടന്ന ലാദന്റെ നെഞ്ചില്‍ നിറയൊഴിച്ചു വധിക്കുകയായിരുന്നെന്നും ഒരാള്‍ തനിച്ചാണു ലാദനെ വധിച്ചതെന്ന അവകാശവാദം തെറ്റാണെന്നും ബെര്‍ഗന്‍ ചൂണ്ടിക്കാട്ടുന്നു.

കമാന്‍ഡോയുടെ അഭിമുഖം എസ്‌ക്വയര്‍ മാസിക പ്രസിദ്ധീകരിച്ചതില്‍ നേവി സീല്‍ ടീം രോഷാകുലരാണ്‌. ലാദനെ വധിച്ചതു താനാണെന്നു വമ്പുപറഞ്ഞ കമാന്‍ഡോയെ നേവി സീല്‍ സംഘത്തില്‍നിന്നു പുറത്താക്കിയതായും സൂചനയുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :