ഗുജറാത്തിലേക്ക് ഗള്‍ഫ് നിക്ഷേപം കൊണ്ടുവരാനായി ഡിസംബറില്‍ നരേന്ദ്രമോഡി നടത്താനിരിക്കുന്ന ഒമാന്‍ സന്ദര്‍ശനത്തിനെതിരെ ഇന്ത്യന്‍ മുസ്ലീങ്ങള്‍. ഗുജറാത്ത് കലാപം ആസൂത്രണം ചെയ്ത് ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നുകളഞ്ഞ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ഒമാന്റെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നാണ് ഒമാനിലുള്ള ഇന്ത്യന്‍ മുസ്ലീങ്ങളുടെ ആവശ്യം.
നരേന്ദ്ര മോഡിയുടെ ഒമാന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഒമാന്‍ എംബസ്സിക്ക് ഇ-മെയില്‍ പരാതി സന്ദേശങ്ങള്‍ പ്രവഹിച്ച് കൊണ്ടിരിക്കുകയാണ്. ഗോദ്ര സംഭവത്തെ തുടര്‍ന്ന്, മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ അരങ്ങേറിയ കൂട്ടക്കൊലയെ ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹുമന്‍ റൈറ്റ്സ് വാച്ച് തുടങ്ങിയ അന്തര്‍ദ്ദേശീയ സംഘടനകള്‍ അപലപിക്കുകയും മോഡിയെ കുറ്റവാളിയായി കാണുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള മോഡിയെ ഒമാനിലേക്ക് ക്ഷണിക്കരുതെന്നാണ് ഇ-മെയില്‍ സന്ദേശം അയയ്ക്കുന്നവര്‍ ആവശ്യപ്പെടുന്നത്.
മുസ്ലീങ്ങളെയും ക്രിസ്ത്യാനികളായ ന്യൂനപക്ഷങ്ങളടക്കമുള്ള സ്ത്രീകളെയും മാനഭംഗപ്പെടുത്താന്‍ കൂട്ട് നിന്ന മോഡിയെ ഒരിക്കലും ഇന്ത്യക്കാര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും ഈ സന്ദേശത്തില്‍ പറയുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും മോഡിക്ക് വിസ നിഷേധിച്ച കാര്യം ഗള്‍ഫ് രാജ്യങ്ങള്‍ ഓര്‍മയില്‍ വയ്ക്കണമെന്നും സന്ദേശത്തിലുണ്ട്.
മുസ്ലീങ്ങളെ വെട്ടിയും കുത്തിയും ചുട്ടും കൊല്ലുന്ന മോഡിക്ക് ഒമാനടക്കമുള്ള മുസ്ലീം രാഷ്ട്രങ്ങള്‍ ആഥിത്യം വഹിക്കരുതെന്നും ഇന്ത്യയിലെ മുസ്ലീങ്ങളുടെ വേദന മനസ്സിലാക്കണമെന്നുമാണ് ഇമെയില്‍ പരാതിയിലുള്ളത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഒമാന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന വ്യാപാര പ്രതിനിധി സംഘത്തെ തടയണമെന്നാണ് എല്ലാ ഇമെയിലുകളിലെയും ഉള്ളടക്കം.
ന്യൂനപക്ഷ ധ്വംസനമാണ് ഗുജറാത്തില്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും വ്യാജ ഏറ്റുമുട്ടലുകളിലൂടെ ന്യൂനപക്ഷ സമുദായാംഗങ്ങളെ അവസാനിപ്പിക്കുന്ന തിരക്കിലാണ് മോഡിയെന്നും വേറെ ചില ഇമെയില്‍ സന്ദേശങ്ങളും ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒമാന്‍ പൌരന്മാരും ഇന്ത്യന്‍ മുസ്ലീങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഒമാന്‍ എംബസിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ ഒമാന്‍ സര്‍ക്കാര്‍ ഗൌരവതരമായി കാണാന്‍ വഴിയില്ലെന്നാണ് കരുതപ്പെടുന്നത്.