അഹമ്മദാബാദ്|
WEBDUNIA|
Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (11:42 IST)
ഇസ്രത് ജഹാന്‍ കേസില്‍ നിലപാട് വിശദീകരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബുധനാഴ്ച വിശദമായ സത്യവാങ്ങ്‌മൂലം സമര്‍പ്പിച്ചു.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രഹസ്യാന്വേഷണ വിവരം ഗുജറാത്ത് സര്‍ക്കാരിന് നടപടിയെടുക്കാനുള്ള അന്തിമ തെളിവല്ലായിരുന്നു എന്നാണ് സത്യവാങ്ങ്‌മൂലത്തില്‍ പറഞ്ഞിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യാജ ഏറ്റുമുട്ടലില്‍ മാത്രമല്ല, എല്ലാത്തരം ഏറ്റുമുട്ടലിലും മാനുഷിക പരിഗണന നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനുള്ള പദ്ധതിക്കിടയിലാണ് ഇസ്രത് ജഹാന്‍ എന്ന 19 വയസ്സുകാരിയെയും മറ്റ് മൂന്ന് പേരെയും പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത് എന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, ഇവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി മുഖ്യമന്ത്രിയുടെ പ്രീതി നേടാനാണ് പൊലീസ് ശ്രമിച്ചതെന്ന് ഇതെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച മജിസ്ട്രേറ്റ് ടമാംഗ് തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത് വിവാദമായിരുന്നു.
2004 ജൂണ്‍ 15 ന് ആണ് കേസിന് ആധാരമായ സംഭവം നടന്നത്. ഇസ്രത്, ജാവെദ് ഗുലാം ഷെയ്ക്ക് എന്നറിയപ്പെടുന്ന പ്രാണേഷ് കുമാര്‍ പിള്ള, അംജദ് അലി, ജിസന്‍ ജോഹര്‍ അബ്ദുള്‍ ഗനി എന്നിവരെയാണ് പൊലീസ് വധിച്ചത്. ഇവര്‍ക്ക് ലഷ്കര്‍ ബന്ധമുണ്ടെന്ന് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നു.