മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി അഴുകിത്തുടങ്ങിയ അച്ചാറ് പോലെയാണെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം ഏറെക്കുറെ അവസാനിച്ചതായും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും ഗോവ മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ പാരിക്കര്‍. സജിവ രാഷ്ടീയത്തില്‍ ഏതാണ്ട് രണ്ട് വര്‍ഷം കൂടിയേ അദ്വാനിക്ക് അവശേഷിക്കുന്നുള്ളൂ എന്നും ഒരു പ്രാദേശിക ടിവി ചാനലിനോട് സംസാരിക്കവെ പാരിക്കര്‍ വിലയിരുത്തി.
“ഒരു വര്‍ഷത്തോളം സൂക്ഷിച്ച് വച്ചാല്‍ അച്ചാര്‍ സ്വാദിഷ്ടമാവും. എന്നാല്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിച്ച് വച്ചാല്‍ അത് അഴുകിയതാകും. അദ്വാനിജിയുടെ സമയം ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു. ഒരു പക്ഷേ രണ്ട് വര്‍ഷം കൂടി. ഒരു വഴികാട്ടിയായും ഉപദേശകനായും അദ്ദേഹം പാര്‍ട്ടിയോടൊപ്പമുണ്ടാകും” - പാരിക്കര്‍ പറഞ്ഞു.
വിശ്വസ്തതയുടെയും സ്വഭാവ വൈശിഷ്ട്യത്തിന്‍റെയും അടിസ്ഥാനത്തില്‍ ബിജെപിയിലെ ഏറ്റവും മികച്ച നേതാവാണ് അദ്വാനിയെന്നും അദ്ദേഹത്തോട് അങ്ങേയറ്റത്തെ ബഹുമാനമുണ്ടെന്നും പാരിക്കര്‍ പറഞ്ഞു. പാര്‍ട്ടിയുടെ നേതൃ നിരയില്‍ മാറ്റം വരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിശ്ചയദാര്‍ഢ്യമുള്ള യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.
40നും 60നും ഇടയില്‍ പ്രായമുള്ള നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കണമെന്ന് പറഞ്ഞ പാരിക്കര്‍ താന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരല്ലെന്നും സൂചിപ്പിച്ചു. നിലവില്‍ ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് പാരിക്കര്‍. ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് ഡിസംബറില്‍ സ്ഥാനമൊഴിയാനിരിക്കെ ഈ സ്ഥാനത്തേക്ക് പാരിക്കറിന്‍റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.