രാജ്യത്ത് ഭൂരിപക്ഷമുള്ള ഇസ്ലാമിക പാര്‍ട്ടിയായ ജമാഅത്ത്- ഇ- ഇസ്ലാമിയെ നിരോധിക്കാന്‍ ബംഗ്ലാദേശ് ഒരുങ്ങുന്നു. തീവ്ര ഇസ്ലാമിക പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കാന്‍ ബംഗ്ലാദേശ് പാര്‍ലമെന്റ് ഞായറാഴ്ച നിയമം ഭേദഗതി ചെയ്തു. യുദ്ധക്കുറ്റ കൃത്യങ്ങളുടെ പേരിലാണ് ഈ നീക്കം. ജമാഅത്ത്- ഇ- ഇസ്ലാമിയ്ക്കെതിരായ പ്രതിഷേധക്കാന്‍ ഭരണകൂടത്തിന്റെ നീക്കത്തെ ആഹ്ലാദാരവങ്ങളോടെയാണ് വരവേറ്റത്. ജമാഅത്തിനെ നിരോധിക്കാനുള്ള ആദ്യ ചുവടാണ് ഇതെന്ന് നിയമമന്ത്രി ഖംറുള്‍ ഇസ്ലാം പറഞ്ഞു.
പുതിയ നിയമപ്രകാരം ജമാഅത്തില്‍ ഉള്‍പ്പെടുന്ന സംഘടനകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കും. പ്രത്യേക കോടതിയിലാവും വിചാരണ. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ സംഘടനയെ നിരോധിക്കും. മുമ്പ് നേതാക്കളെ മാത്രമേ പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. പാകിസ്ഥാനെതിരായ 1971ലെ യുദ്ധത്തിന്റെ പേരില്‍ കൊലപാതകം, വംശഹത്യ, നിരായുധരായ ജനങ്ങള്‍ക്കെതിരായ ആക്രമണം, ബലാത്സംഗം, എന്നിവയില്‍ പങ്കാളിയായി, സഹായം ചെയ്‌തു കൊടുത്തു തുടങ്ങി കുറ്റങ്ങള്‍ ചുമത്തി ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. 1971ലെ യുദ്ധത്തിലെ കുറ്റകൃത്യങ്ങളുടെ പേരില്‍ ജമാഅത്തെ ഇസ്ലാമി നേതാവ് അബ്‌ദുള്‍ ഖാദര്‍ മുല്ലയെ പ്രത്യേക ബംഗ്ലാദേശ് ട്രിബ്യൂണല്‍ ഈയിടെ ആജീവനാന്ത തടവിനു ശിക്ഷിച്ചിരുന്നു.
ജമാഅത്തിനെ നിരോധിക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കിയിരുന്നു. ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ 1970കളില്‍ ജമാഅത്തിനെ നിയമരക്ഷയില്‍നിന്ന് പുറത്താക്കിയിരുന്നു. യുദ്ധത്തില്‍ പാകിസ്ഥാനിലെ പിന്തുണച്ചതിനായിരുന്നു ഇത്. 1975ല്‍ ഷെയ്ഖ് മുജീബ് വധിക്കപ്പെട്ട ശേഷം പട്ടാളഭരണകൂടം നിരോധനം നീക്കി.