ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 27 ഒക്ടോബര്‍ 2015 (14:01 IST)
രണ്ടുപതിറ്റാണ്ടിലേറെയായി ഇന്ത്യ തേടിക്കൊണ്ടിരുന്ന ഛോട്ടാ രാജന് എന്ന അധോലോകരാജാവ് ഒടുവില്‍ മലേഷ്യന്‍ പൊലീസിന്റെ വലയിലായി. ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ഇന്തോനേഷ്യയുടെയും സംയുക്ത നീക്കമാണ് ഛോട്ടാ രാജനെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. ഇന്ത്യന്‍ അധോലോകത്തിലെ രണ്ടാമനെ പിടികൂടിയെങ്കിലും ഒന്നാമന് ഇപ്പോഴും അപ്രാപ്യനായി തുടരുകയാണ് - സാക്ഷാല്‍ ദാവൂദ് ഇബ്രാഹിം.
ഛോട്ടാ രാജന് വലയിലായതോടെ ദാവൂദിനെയും വേഗം പിടികൂടാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയതായാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇതുസംബന്ധിച്ച നീക്കങ്ങളുമായി ഏറെ മുന്നേറിക്കഴിഞ്ഞതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന വിവരം ലഭിച്ചിട്ടുണ്ട്. ദാവൂദ് എവിടെയാണുള്ളത് എന്നതിന്റെ വിശദവിവരങ്ങളും വിലാസങ്ങളും ഇന്ത്യ പാകിസ്ഥാന് കൈമാറുകയും ചെയ്തിരുന്നു. ദാവൂദിന്റെ കുടുംബാംഗങ്ങളുമായുള്ള ടെലിഫോണ്‍ സംഭാഷണം പോലും ഇന്ത്യ പുറത്തുവിട്ടിരുന്നു.
യു എ ഇയുമായും അമേരിക്കയുമായും പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയതായും സൂചനകളുണ്ട്. മറ്റൊരു സംയുക്ത നീക്കത്തിലൂടെ ദാവൂദിനെ കുരുക്കാന്‍ കഴിയുമെന്നുതന്നെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പാകിസ്ഥാന്റെ അനുമതിയില്ലാതെ അവരുടെ രാജ്യത്ത് കടന്ന് ദാവൂദിനെ അകത്താക്കുന്നതുപോലും ഇന്ത്യ ചിന്തിക്കുന്നു എന്നാണ് സൂചനകള്‍.
പരിധികളില്ലാത്ത പണമാണ് ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും വലിയ ശക്തി. യു എ ഇയില്‍ വന്‍ ബിസിനസ് സാമ്രാജ്യം തന്നെ ദാവൂദിന് സ്വന്തമായുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്വന്തം പേരില്‍ ഇന്ത്യയിലോ വിദേശത്തോ ദാവൂദിന് സമ്പത്തൊന്നുമില്ലെന്നാണ് വിവരം. ബിനാമികളുടെ പേരിലാണ് ആയിരക്കണക്കിന് കോടികള്‍ ഇടപാട് നടക്കുന്ന ബിസിനസ് സാമ്രാജ്യങ്ങള്‍ ദാവൂദ് കെട്ടിപ്പടുത്തത്. ബന്ധുക്കളുടെ പേരിലും ഏറെ സമ്പത്ത് പല രാജ്യങ്ങളിലായി ദാവൂദിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുബായില്‍ തന്നെ പത്തിലധികം വ്യവസായ സ്ഥാപനങ്ങള്‍ ദാവൂദ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുള്ളത്. ദക്ഷിണേന്ത്യക്കാരനായ ഫിറോസ് എന്നൊരാളാണ് ദുബായില്‍ ദാവൂദിന്റെ ബിനാമിയായി പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് കച്ചവടവും കള്ളനോട്ടും കുഴല്‍പ്പണ ഇടപാടുകളുമാണ് ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന സാമ്പത്തിക സ്രോതസ്. റിയല്‍ എസ്റ്റേറ്റും കമ്മീഷന് ഇടപാടുകളും ബ്രോക്കറിംഗുമെല്ലാം ഇയാള്‍ നടത്തുന്നു. പല രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഡി കമ്പനി എന്ന ശൃംഖല ഒരു അധോലോക ബിസിനസ് ഗ്രൂപ്പായി വളര്‍ന്നിരിക്കുകയാണ്.