അധോലോകമാണ് ഇപ്പോള്‍ വലിയൊരു ഭാഗം അന്താരാഷ്ട്ര കായിക മേഖലയെ നിയന്ത്രിക്കുന്നതെന്ന് വേള്‍ഡ് ആന്റി ഡോപിംഗ് ഏജന്‍സി തലവന്‍ ഡേവിഡ് ഹൌമാന്‍ വെളിപ്പെടുത്തി. അനധികൃത വാത്വെപ്പും കായികതാരങ്ങളെ ഉത്തേജക മരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോള്‍ നടക്കുന്നത്.
ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ച് സ്പോട്സ് താരങ്ങള്‍ പ്രകടനം നടത്തുന്നതില്‍ ഹെറോയിന്‍ കച്ചവടത്തില്‍ ചെലവിടുന്നതിനേക്കാള്‍ അധോലോകം പണം ഒഴുക്കുന്നുണ്ട്. വേള്‍ഡ് സ്പോര്‍ട്സ് ലോ റിപ്പോര്‍ട്ട് ഇംഗ്ലണ്ടിലെ ട്വിക്കെന്‍ഹാം റഗ്ബി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മയക്കുമരുന്നു വിരുദ്ധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹൌമാന്‍.
നിയമപരിരക്ഷ ഉറപ്പാക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് തനിക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് ഹൌമാന്‍ പിന്നീട് വാര്‍ത്താ ലേഖകരോട് വെളിപ്പെടുത്തി. ഇതില്‍ പുതുതായി ഒന്നുമില്ല. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളായി ഞാനിത് പറയുന്നു. ഇന്റര്‍പോള്‍ ഇപ്പോഴാണ് ഇത് സ്ഥിരീകരിക്കുന്നത്. അവരുടെ കൈയില്‍ കായിക രംഗത്തെ അധോലോക ഇടപെടലിന്റെ വ്യാപ്തിയും കൃത്യമായ വിവരങ്ങളും മുഴുവനായുണ്ട്. ഇന്റര്‍പോള്‍ ആശങ്കയോടെയും തികഞ്ഞ സൂക്ഷ്മതയോടെയുമാണ് ഈ വിഷയത്തെ സമീപിക്കുന്നത്. ഡോപിംഗ് കണ്ട്രോള് ഉദ്യോഗസ്ഥരെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നും ഹൌമാന്‍ സമ്മേളനത്തില്‍ വ്യക്തമാക്കി.