അഭിറാം മനോഹർ|
Last Modified ഞായര്‍, 17 ഡിസംബര്‍ 2023 (19:21 IST)
ഇത്തവണ ക്രിസ്‌മസിന് എന്ത് പാചകം ചെയ്യണമെന്ന് ആശങ്കപ്പെടേണ്ടതില്ല. പച്ച കുരുമുളകരച്ച നാടന്‍ കോഴിക്കറിയുണ്ടെങ്കില്‍ എല്ലാവരും ഹാപ്പിയാകും. എളുപ്പത്തില്‍ സിംപിളായി തയ്യാറാക്കാന്‍ സാധിക്കുന്ന ഈ വിഭവം ബ്രഡ്, അപ്പം, ചപ്പാത്തി, പെറോട്ട എന്നിവയ്‌ക്കൊപ്പം കഴിക്കാവുന്നതാണ്. ഉച്ചയ്‌ക്ക് ഊണിനൊപ്പവും കഴിക്കാന്‍ സാധിക്കുന്ന വിഭവമാണിത്. നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ പതിവായി തയ്യാറാക്കുന്ന പച്ച കുരുമുളകരച്ച നാടന്‍ കോഴിക്കറിയുടെ കൂട്ട് പലര്‍ക്കുമറിയില്ല. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ വിഭവമാകട്ടെ ഇത്തവണത്തെ ക്രിസ്‌മസ് ആഘോഷമാക്കാന്‍.
ചേരുവകള്‍:-
നാടന്‍ കോഴിയിറച്ചി - 2 കിലോ.
സവാള - ഒരു കിലോ.
വെളിച്ചെണ്ണ ആവശ്യത്തിന്.
മഞ്ഞള്‍ പൊടി - അര സ്‌പൂള്‍.
മല്ലിപ്പൊടി - 3 സ്‌പൂള്‍.
മുളക് പൊടി - അര സ്‌പൂള്‍.
കുരുമുളക് - 1 ടേബിൾ സ്പൂൺ
പച്ചക്കുരുമുളക് - 4 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 10 അല്ലി.
വലിയ ഒരു കഷണം ഇഞ്ചി
ഉപ്പ് – പാകത്തിന്
കറിവേപ്പില- ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
മൂന്ന് സ്‌പൂള്‍ പച്ചക്കുരുമുളകിനൊപ്പം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് അരച്ചെടുക്കുക. ഇതിലേക്ക് കുരുമുളക് പൊടി ചേര്‍ക്കണം. ഈ മിശ്രിതം നന്നായി കഴുകി വൃത്തിയാക്കിയ ചിക്കനില്‍ പുരട്ടിവയ്‌ക്കണം. ഒരു പാനില്‍ കട്ടി കുറച്ച് അരിഞ്ഞെടുത്ത സവാളയും കറിവേപ്പിലയും എണ്ണയൊഴിച്ച് വഴറ്റിയെടുക്കുക.
സാവാള ബ്രൌണ്‍ കളറാകുമ്പോള്‍ അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. പച്ചമണം മാറുന്നതുവരെ ഇളക്കണം. തുടര്‍ന്ന് ഇതിലേക്ക് ചിക്കന്‍ ഇട്ട് ഉടായാതെ ഇളക്കിയെടുക്കുക. ആവശ്യത്തിനുള്ള ഉപ്പും കറിവേപ്പിലയും ഇടാവുന്നതാണ്. വെള്ളം ഒഴിക്കാതെ വേണം തയ്യാറാക്കാന്‍. ചിക്കന്‍ 95ശതമാനം വെന്തുകഴിഞ്ഞാല്‍ മിച്ചമുള്ള ഒരു സ്‌പൂള്‍ പച്ചക്കുരുമുളകും മല്ലിയിലയും ചതച്ച് ചിക്കനില്‍ വിതറി അടച്ചു വയ്‌ക്കണം. തുടര്‍ന്ന് വിളമ്പാം