WEBDUNIA|
Last Modified വ്യാഴം, 13 ഓഗസ്റ്റ് 2009 (12:23 IST)
PRO
PRO
കേരള ഗാന്ധി എന്ന പേരില്‍ അറിയപ്പെടുന്ന കെ കേളപ്പന്‍ ഗാന്ധിജിയുടെ തികഞ്ഞ അനുയായി ആയിരുന്നു. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും അദ്ദേഹത്തെ മാതൃകാപുരുഷനാക്കി.
കൊയിലാണ്ടിക്കു വടക്കുള്ള മുടാടിയിലെ മുച്ചുകുന്ന് ഗ്രാമത്തില്‍ 1890 സെപ്തംബര്‍ 9ന് ജനിച്ച കേളപ്പന്‍ നായരാണ്, കേളപ്പനും, കേളപ്പജിയും, കേരളഗാന്ധിയുയായി വളര്‍ന്നത്. കോഴിക്കോട്ടെ ഗാന്ധി ആശ്രമത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം -1971 ഒക്റ്റോബര്‍ ആറിന്.
മാതൃഭൂമിയുടെ പത്രാധിപര്‍, കെ പി സി യുടെ അദ്ധ്യക്ഷന്‍, മലബാര്‍ ജില്ലാ ബോര്‍ഡിന്‍റെ പ്രസിഡന്‍റ് , നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റ് തുടങ്ങി പല നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏങ്കിലും ഗുരുവായൂര്‍, വൈക്കം എന്നിവിടങ്ങളിലെ സത്യഗ്രഹങ്ങളുടെ പേരിലാണ് കേളപ്പജി പ്രശസ്തനായത്, മരിക്കുന്നതിനു അല്പം മുമ്പും അദ്ദേഹം ഒരു ക്ഷേത്രസത്യഗ്രഹം നടത്തി - പെരിന്തല്‍മണ്ണക്കടുത്ത അങ്ങാടിപ്പുറം ക്ഷേത്രത്തില്‍.
ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ 1932 സെപ്തംബറില്‍ കേളപ്പന്‍ ആരംഭിച്ച നിരാഹാര സത്യാഗ്രഹം ജനങ്ങളെയാകെ ഇളക്കിമറിച്ചു. എല്ലാ ജാതിവിഭാഗങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശമനുവദിക്കുന്നതിനായിരുന്നു സമരം. പത്തു ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തോട് അനുബന്ധിച്ചു നടന്ന പ്രചാരണവും പ്രക്ഷോഭവും മലബാറില്‍ പുതിയൊരു ജനകീയ മുന്നേറ്റത്തിനു വഴിതുറന്നു.
അതിനുമുന്പ് 1924 മാര്‍ച്ച് മുതല്‍ വൈക്കത്ത്, പിന്നോക്ക സമുദായക്കാര്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സത്യഗ്രഹ സമരത്തിലും കേളപ്പന്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ജയില്‍വാസമനുഭവിച്ചിരുന്നു. ഗാന്ധിജിയുടെ ആദര്‍ശങ്ങളും ജീവിതശൈലിയുമൊക്കെ സ്വജീവിതത്തിലും കര്‍മ്മങ്ങളിലും പ്രതിഫലിപ്പിച്ച ആ സേവകനെ ജനങ്ങള്‍ കേരള ഗാന്ധി എന്നു വിളിച്ചിരുന്നു.
കേരളത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എന്നും മായാത്ത മുദ്രപതിച്ച സേനാനിയായിരുന്നു കെ.കേളപ്പന്‍. അധഃകൃത വിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ ചരിത്രം മനുഷ്യസ്നേഹികളെ എക്കലത്തും ആവേശം കൊള്ളിക്കാന്‍ പോന്നതാണ്. ഭൂദാന പ്രസ്ഥാനത്തിലും ഹരിജനോദ്ധാരണ പ്രവര്ത്തനങ്ങളിലും നേതൃത്വം നല്ക്കി.
ഗാന്ധിജിയുടെ ആദര്‍ശങ്ങളും ജീവിതശൈലിയുമൊക്കെ സ്വജീവിതത്തിലും കര്‍മ്മങ്ങളിലും പ്രതിഫലിപ്പിച്ച ആ സേവകനെ ജനങ്ങള്‍ കേരള ഗാന്ധി എന്നും വിളിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ പരിപാടിയനുസരിച്ച് ഇന്ത്യയിലുടനീളം നടന്ന ഉപ്പുസത്യഗ്രഹത്തിനു കേരളത്തില്‍ നേതൃത്വം നല്‍കിയതു കേളപ്പനാണ്.
1931 ഏപ്രില്‍ 13 ന് കോഴിക്കോട്ടു നിന്ന് കാല്‍നടയായി പുറപ്പെട്ട സന്നദ്ധഭട സംഘം പയ്യന്നൂര്‍ കടല്‍പുറത്തുവച്ച് ഏപ്രില്‍ 23 നാണ് ഉപ്പുനിയമം ലംഘിച്ചത്. ഇതോടനുബന്ധിച്ചും കേളപ്പനു ജയില്‍ശിക്ഷ ലഭിച്ചു.
മദ്രാസില്‍ നിന്ന് ബിരുദമെടുത്ത അദ്ദേഹം അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. പൊന്നാനി, കോഴിക്കോട്, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. നായര്‍ സര്‍വീസ് സൊസൈറ്റി രൂപവല്‍ക്കരിക്കുന്നതിന് മന്നത്തു പത്മനാഭനോടൊപ്പം മുന്‍കൈയെടുത്ത കേളപ്പന്‍ നായരയിരുന്നു ആ സംഘടനയുടെ ആദ്യത്തെ അദ്ധ്യക്ഷന്‍.
അക്കാലത്താണദ്ദേഹം മന്നത്തിനോടും മറ്റുള്ളവരോടും മറ്റുമൊപ്പം നായര്‍ എന്ന ജാതിപ്പേര് വേണ്ടെന്നുവച്ചത്. അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, മദ്യവര്‍ജ്ജനം, ഖാദിപ്രചാരണം, നിയമ ലംഘനം അങ്ങനെ നീങ്ങി അദ്ദേഹത്തിന്‍റെ ജീവിതം. 1929 ലും 1936 ലും മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. കേളപ്പന്‍ 1954 ല്‍ സമദര്‍ശിയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു.
ക്ഷേത്രസംരക്ഷണ സമിതി രൂപവത്കരിക്കാന്‍ മുന്‍കൈ എടുത്ത കേളപ്പന്‍ ആദ്യകാലത്ത് അതിന്‍റെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ച. പൊന്നാനി താലൂക്കിലെ തവന്നൂര്‍ റൂറല്‍ ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് കേളപ്പനായിരുന്നു.
മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്‍റായും, ലോക്സഭാംഗമായും കേളപ്പന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.പി.സി.സി. പ്രസിഡന്‍റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കേളപ്പജി 1951ല്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു. ആചാര്യ കൃപലാനി നേതൃത്വം നല്ക്കിയ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയില്‍ ചേര്‍ന്നു.
ആ പാര്‍ട്ടി ടിക്കറ്റിലാണ് അദ്ദേഹം പൊന്നാനിയില്‍ നിന്ന് ലോക്സഭാംഗമായത്. പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ചു. സര്‍വോദയ പ്രവര്‍ത്തകനായി.