നല്ല സിനിമയ്‌ക്കായ്‌ ഫിലിം സൊസൈറ്റികള്‍

PRO
ഫിലിം സൊസൈറ്റികള്‍ സിനിമയുടെ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന്‌ സംവിധായകന്‍ കെ.പി.കുമാരന്‍.

ഓപ്പണ്‍ ഫോറത്തില്‍ ഫിലിം സൊസൈറ്റീ ഫെഡറേഷന്‍സ്‌ ഓഫ്‌ ഇന്ത്യയുടെ അന്‍പതാംവര്‍ഷം കേരളത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫിലിം സൊസൈറ്റികള്‍ അറുപതുകളില്‍ ലോകസിനിമയിലേക്കുള്ള വാതില്‍ തുറന്നതിനു പുറമെ വിവിധ ലോകരാജ്യങ്ങളിലെ സാംസ്‌കാരിക, രാഷ്‌ട്രീയ ജീവിതത്തെക്കുറിച്ചുള്ള അറിവ് പകരുകയും ചെയ്തിരുന്നു.

സാഹിത്യത്തില്‍ നിന്നു വ്യത്യസ്‌തമായി മറ്റ്‌ ജീവിത സാഹചര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ ഫിലിം സൊസൈറ്റികള്‍ പ്രദര്‍ശിപ്പിച്ച സിനിമകളിലൂടെയാണ്‌. എന്നാല്‍ 59ല്‍ കല്‍ക്കട്ടയില്‍ ആരംഭിച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‌ കേരളത്തിലേതുപോലെ മറ്റ്‌ സംസ്ഥാനങ്ങളില്‍ വളര്‍ച്ചയുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

സാധാരണ ജനങ്ങളിലേക്ക്‌ ഫിലിം സൊസൈറ്റി പ്രവര്‍ത്തനം എത്തിക്കുക എന്നതായിരുന്നു ഉദ്ദേശ്യമെന്ന്‌ ഫിലിം സൊസൈറ്റി ഫെഡറേഷന്‍ ദേശീയ സെക്രട്ടറി സുധീര്‍ നന്ദഗോക്കര്‍ പറഞ്ഞു.

കേരളത്തിലും പശ്ചിമബംഗാളിലും ഫിലിം സൊസൈറ്റികള്‍ നല്ല നിലയില്‍ വളര്‍ന്നെങ്കിലും മറ്റ്‌ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനം സാംസ്‌കാരിക പ്രവര്‍ത്തനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എണ്‍പതുകളില്‍ ടെലിവിഷന്‍റെ വരവോടെ ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനം മോശമായെങ്കിലും ഡി.വി.ഡി.യുടെ വരവോടെ അവയുടെ പ്രവര്‍ത്തനം വീണ്ടും ശക്തമായെന്നും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‍റെ ദക്ഷിണമേഖല വൈസ്‌ പ്രസിഡന്റ്‌ നരസിംഹറാവു പറഞ്ഞു.

ചലച്ചിത്ര അക്കാദമി വൈസ്‌ ചെയര്‍മാന്‍ വി.കെ.ജോസഫ്‌ ഫിലിം സൊസൈറ്റികളുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ടൂറിങ്‌ ഫെസ്റ്റിവല്‍, ദേശീയതല സെമിനാര്‍, സംസ്ഥാനത്തെ മൂന്നു പ്രധാനമേഖലകളായി തിരിച്ച്‌ ചലച്ചിത്ര ആസ്വാദന ക്യാമ്പ്‌ എന്നിവ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കും. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‍റെ ചരിത്രം പ്രസിദ്ധീകരിക്കും. പത്തുവര്‍ഷത്തെ പ്രധാന ചിത്രം പ്രദര്‍ശിപ്പിച്ച്‌ ഏറ്റവും നല്ല ചിത്രത്തിന്‌ അല അവാര്‍ഡ്‌ നല്‍കും.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (17:38 IST)
ദേശീയതലത്തില്‍ സൈന്‍സ്‌ ചലച്ചിത്രമേള സംഘടിപ്പിച്ച്‌ ഒരു ലക്ഷം രൂപയുടെ സമ്മാനം നല്‍കും. ഏറ്റവും നല്ല ഫിലിം സൊസൈറ്റിയായി തെരഞ്ഞെടുത്ത ആമഞ്ചേരി മൊണ്ടാഷ്‌ ഫിലിം സൊസൈറ്റിക്കും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ചലച്ചിത്രമാക്കിയ കെ.ആര്‍.മനോജിനും പുരസ്‌കാരങ്ങള്‍ നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :