ചലച്ചിത്ര പ്രതിഭകള്‍ക്ക്‌ ആദരാഞ്‌ജലി

PRO
കേരളത്തിന്‍റെ പിതമൂന്നാമത്‌ ചലച്ചിത്രമേളയില്‍ മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളെ അനുസ്‌മരിച്ചു.

അന്തരിച്ച ചലച്ചിത്രപ്രവര്‍ത്തകരായ പി.എന്‍.മേനോന്‍, ഭരത്‌ ഗോപി, ഭരതന്‍, കെ.ടി.മുഹമ്മദ്‌, രഘുവരന്‍ എന്നിവര്‍ക്കാണ്‌ മേള സ്‌മരണാഞ്‌ജലി അര്‍പ്പിച്ചത്‌.

പരിമിതികള്‍ ലംഘിക്കാനുള്ള കഴിവ്‌ പ്രാഥമിക വിദ്യാഭ്യാസമെന്ന്‌ നാടകത്തിലും സിനിമയിലും തെളിയിച്ച മഹാനായ വ്യക്തിയാണ്‌ കെ.ടി.മുഹമ്മദ്‌ എന്ന നടന്‍ മുരളി ചൂണ്ടികാട്ടി.

നാടകത്തെ റിയലിസത്തിന്‍റെ തലത്തില്‍ നിന്ന്‌ ഫാന്‍റസിയുടെ തലത്തിലേക്ക്‌ ഉയര്‍ത്തുകയായിരുന്നു കെ.ടി.

മലയാള സിനിമയില്‍ തനതായ കേരളീയത ആവിഷ്‌കരിച്ച സംവിധായകനാണ്‌ പി.എന്‍.മേനോനെന്ന്‌ പ്രശ്‌സ്‌ത സിനിമാ നിരൂപകന്‍ ഡോ.സി.എസ്‌.വെങ്കിടേശ്വരന്‍ പറഞ്ഞു. ആര്‍ട്ട്‌, കൊമേഴ്‌സ്‌ സിനിമകളുടെ അതിര്‍ത്തി ലംഘിക്കുകയായിരുന്നു മേനോന്‍.

ചെമ്പരത്തി, ചായം മുതലായ സിനിമകള്‍ പഠന വിധേയമാക്കിയാല്‍ മലയാളികളുടെ അക്കാലത്തെ പുരുഷ ലൈംഗീകതയെക്കുറിച്ച്‌ പഠിക്കാനാവുമെന്നും വെങ്കിടേശ്വരന്‍ പറഞ്ഞു.

മലയാള സിനിമയില്‍ പോസ്റ്റര്‍ രൂപകല്‌പനയില്‍ മാറ്റം വരുത്തിയത്‌ മേനോനാണ്‌. മലയാള സിനിമയെ മേനോന്‍ അടിമുടി നവീകരിക്കുകയായിരുന്നു.

സിനിമയുടെ വ്യാകരണങ്ങളെ നിഷേധിച്ചുകൊണ്ട്‌ സിനിമ എടുക്കുകയും താരപരിവേഷം പൊളിച്ചുകളയുകയും ചെയ്‌ത സംവിധായകനാണ്‌ ഭരതനെന്ന്‌ കമല്‍ പറഞ്ഞു. പഴയ തലമുറയില്‍ പി.എന്‍.മേനോന്‍ ചെയ്‌തപോലെ പുതിയ തലമുറയെ സിനിമയുമായി അടുപ്പിക്കാന്‍ ശ്രമിച്ച അപൂര്‍വ്വ വ്യക്തിത്വമാണ്‌ ഭരതന്‍റേത്‌.

കലാകാരനു ലഭിക്കാത്ത അംഗീകാരത്തില്‍ മാനസിക സംഘര്‍ഷം ഏറ്റവും അധിക അനുഭവിച്ച നടനായിരുന്നു ഭരത്‌ ഗോപിയെന്നു സംവിധായകന്‍ കെ.ജി.ജോര്‍ജ്ജ്‌ ചൂണ്ടികാട്ടി. ശരീരഭാഷ ഏറ്റവും മനോഹരമായി ഉപയോഗിച്ച നടനായിരുന്നു ഗോപി.

യവനികയില്‍ തബലിസ്റ്റ്‌ അയ്യപ്പനായി അഭിനയിച്ചപ്പോള്‍ ആ ശരീര ഭാഷ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. ജീവിതത്തിന്‍റെ സമസ്‌ത മേഖലകളെയും കുറിച്ച്‌ സംസാരിക്കാന്‍ കഴിവുള്ള വ്യക്തിത്വത്തിനുടമയായിരുന്നു ഗോപിയെന്ന്‌ അദ്ദേഹം പറഞ്ഞു.

രഘുവരന്‌ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിരുന്നെങ്കില്‍ അമിതാ ബച്ചനെപ്പോലെ ലോകം അറിയുന്ന നടനായി മാറുമായിരുന്നെന്ന്‌ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അനുസ്‌മരിച്ചു.

കഥാപാത്രങ്ങളെ ബുദ്ധികൊണ്ടും മനസുകൊണ്ടും വ്യാഖ്യാനിച്ചാണ്‌ രഘുവരന്‍ അഭിനയിച്ചത്‌. സിനിമയില്‍ തന്‍റെ സവിശേഷത പ്രത്യേകമായി എത്തിക്കാന്‍ കഴിഞ്ഞത്‌ നിത്യജീവിതത്തില്‍ രഘുവരന്‍ അനുഭവിച്ച അന്തര്‍മുഖതയായിരുന്നെവെന്നും അദ്ദേഹം പറഞ്ഞു.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (17:38 IST)
ആര്‍ക്കിടെക്‌ചര്‍ ജി.ശങ്കര്‍ അനുസ്‌മരണത്തിന്‍റെ മോഡറേറ്ററായിരുന്നു പി.എന്‍.മേനോന്‍റെ അവസാന ചിത്രമായ നേര്‍ക്കുനേരിന്‍റെ നിര്‍മ്മാതാവ്‌ ദാസും സംസാരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :