മേളയില്‍ മലയാളത്തിന്‌ അവഗണന:ലെനിന്‍

ബി ഗിരീഷ്

WDWD
കേരളത്തിന്‍റെ ചലച്ചിത്രമേളകളില്‍ മലയാള സിനിമകള്‍ക്ക്‌ പ്രാധാന്യം നഷ്ടപ്പെടുന്നതിനെതിരെ മലയാളത്തി‍ന്‍റെ പ്രിയ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ രംഗത്തെത്തി. വിദേശ സിനിമകള്‍ കാണാനുള്ള ഒരു വേദിയായി മാത്രം ഐ എഫ്‌ എഫ്‌ കെ മാറിയെന്നും മലയാള സിനിമകള്‍ വേണ്ട വിധത്തില്‍ രാജ്യാന്തരതലത്തില്‍ പരിഗണിക്കപ്പെടാന്‍ ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തു നിന്നോ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നോ ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

മലയാളി എല്ലാകാലവും ഓര്‍ക്കുന്ന ഒരു പിടി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ലെനിന്‍ രാജേന്ദ്രന്‌ ഏറ്റവും പുതിയ ചിത്രമായ രാത്രിമഴ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചതിന്‌ ശേഷവും തിയേറ്ററുകളില്‍ എത്തി‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുള്ള ചിത്രത്തെ ഏറ്റെടുക്കാന്‍ വിതരണക്കാര്‍ മടിച്ചു നില്‍കുന്നു. ചില്ല്‌, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, വചനം, ദൈവത്തിന്‍റെ വികൃതികള്‍, കുലം, മഴ തുടങ്ങിയ ചിത്രങ്ങള്‍ സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ക്ക്‌ മുന്നി‍ലേക്ക്‌ രാത്രിമഴ എത്തിക്കാന്‍ വിഘാതമാകുന്നത്‌ മലയാള സിനിമയിലെ പുതിയ സാഹചര്യങ്ങള്‍ തന്നെയാണ്‌. ഐ എഫ്‌ എഫ്‌ ഐയില്‍ മത്സരവിഭാഗത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട രാത്രിമഴ, പക്ഷെ കേരളത്തിന്‍റെ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ നിന്നും തഴയപ്പെട്ടു.

ഇടതുപക്ഷ അനുഭാവിയായ ലെനിന്‍ രാജേന്ദ്രന്‍ ഇടതു സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ മലയാള സിനിമകള്‍ തഴയപ്പെടുന്നതിനെതിരെ വേദനയോടെ മനസ്‌ തുറക്കുന്നു...

ചോദ്യം:കേരളത്തിന്‍റെ ചലച്ചിത്രമേളകൊണ്ട്‌ മലയാള സിനിമക്ക്‌ യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല എന്ന്‌ അഭിപ്രായമുണ്ടോ?

ഉത്തരം: രാജ്യാന്തര ചലച്ചിത്രമേളകള്‍ ഒരു കൊടുക്കല്‍ വാങ്ങലിന്‍റെ വേദിയാകണം. നാം നിരവധി വിദേശ ചിത്രങ്ങള്‍ ആഘോഷമായി മേളയില്‍ എത്തിക്കുന്നു. എന്നാല്‍ കേരളത്തിന്‌ എന്താണ്‌ നല്‍കാനാകുന്നത്‌. മലയാള സിനിമകള്‍ കാണാന്‍ മേളയില്‍ ഞാനടക്കമുള്ള പ്രതിനിധികള്‍ക്ക്‌ താത്പര്യം കുറവാണ്‌. വിദേശ ചിത്രങ്ങള്‍ കാണാനാണ്‌ താത്പര്യം.മലയാള സിനിമകള്‍ പിന്നീട്‌ കാണാമെന്നാണ്‌ ന്യായം. എന്നാല്‍ പിന്നീട്‌ എവിടെയും കാണാന്‍ പറ്റാത്ത മലയാള ചിത്രങ്ങളും ഉണ്ട്‌. നോട്ട്‌ബുക്കും, ഒരേ കടലും നിങ്ങള്‍ക്ക്‌ പിന്നീട്‌ കാണാന്‍ കഴിഞ്ഞേക്കും എന്നാല്‍ രാത്രിമഴയും തനിയേയും ഒന്നും പിന്നീട്‌ എവിടെയും കാണീക്കാന്‍ അവസരമുണ്ടാകുന്നില്ല. വിദേശചിത്രങ്ങള്‍ കാണാനുള്ള വേദി എന്ന നിലയില്‍ നിന്ന്‌ ചലച്ചിത്രമേള മാറണമെന്ന്‌ ആവശ്യമുയരുന്നത്‌ ഈ സാഹചര്യത്തിലാണ്‌.


ചോദ്യം: ചലച്ചിത്രമേളകൊണ്ട്‌ മലയാളത്തിന്‌ എന്ത്‌ പ്രയോജനമാണ്‌ ഉണ്ടാകേണ്ടത്‌?

ഉത്തരം: ഇത്തരം വേദികളില്‍ സിനിമകളുടെ താരതമ്യത്തിന്‌ അവസരമുണ്ട്‌.ലോക സിനിമ എന്താണ്‌ എന്ന്‌ അറിയുന്നതിനൊപ്പം എന്താണ്‌ മലയാള സിനിമ എന്ന്‌ ലോകത്തെ അറിയിക്കാനുള്ള അവസരം കൂടി ഉണ്ടാ‍കണം. ആ അര്‍ത്ഥത്തില്‍ മേളയില്‍ മലയാള സിനിമക്ക്‌ പ്രാധാന്യം കുറവാണ്‌. വിദേശ സിനിമകള്‍ കേരളത്തില്‍ എത്തിക്കുന്നവര്‍ കേരളത്തിന്‍റെ സിനിമകള്‍ വിദേശമേളകള്‍ക്ക്‌ എത്തിക്കാനുള്ള ബാധ്യതയും ഏറ്റെടുക്കണം. അടൂര്‍ഗോപാലകൃഷ്ണനെ പോലുള്ളവര്‍ക്ക്‌ വിദേശ മേളകളില്‍ സ്വീകരണം ലഭിക്കാറുണ്ട്‌. എന്നാല്‍ മറ്റ്‌ സംവിധായകരുടെ സിനിമകള്‍ക്ക്‌ ഒരു കൈത്താങ്ങ്‌ ഉണ്ടെങ്കിലേ വിദേശ മേളകളില്‍ എത്താ‍നാകു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :