മേള അരവിന്ദനെ അനുസ്മരിച്ചു

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2007 (17:40 IST)
ഇന്ത്യന്‍ സിനിമയെയും സംസ്കാരത്തേയും ലോകസിനിമാ വേദിയുടെ മുന്നിലെത്തിച്ച പ്രതിഭാശാലിയാണ്‌ ജി അരവിന്ദനെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകനും ഗവേഷകനുമായ മാധവ്‌ പ്രസാദ്‌. എന്നാല്‍ പുതിയ തലമുറയ്ക്ക്‌ ജി അരവിന്ദനെ പോലുള്ളവരെ ആഴത്തില്‍ പഠിക്കുവാന്‍ സാധിക്കുന്നില്ല. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ നടന്ന ജി അരവിന്ദന്‍ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു‍ അദ്ദേഹം.


അദ്ദേഹത്തിന്‍റെ സംഭാവനകള്‍ അടുത്തറിയാന്‍ യുവതലമുറ മുന്നോട്ട്‌ വരണം. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ വ്യഥകളും വിഹ്വലതകളുമാണ്‌ അരവിന്ദന്‍ തന്‍റെ ചിത്രങ്ങളുടെ പ്രമേയമാക്കിയത്‌. അതുകൊണ്ട്‌ അവ സമൂഹത്തിന്‍റെ സ്പന്ദനങ്ങളുടെ പ്രതിഫലനമായി മാറി.


ഇന്ത്യന്‍ സിനിമയില്‍ ഹോളിവുഡ്‌ സിനിമകളുടെ അനുകരണം വര്‍ദ്ധിച്ചുവരികയാണ്‌. കേവല അനുകരണത്തിലുപരി പുതിയ പാതകള്‍ വെട്ടി‍തുറക്കുന്ന ചലച്ചിത്രങ്ങള്‍ കുറഞ്ഞുവരികയാണ്‌. അതേസമയം ആഗോളവല്‍ക്കരണഫലമായി അന്തര്‍ദ്ദേശീയ തലത്തില്‍ രൂപപ്പെട്ടിട്ടു‍ള്ള കൂട്ടാ‍യ്മ ഇന്ത്യന്‍ ചലച്ചിത്രരംഗത്തും ചില സത്ഫലങ്ങള്‍ക്കിടയാക്കിയിട്ടു‍ണ്ട്‌.


‘രംഗ്‌ ദേ ബസന്തിയെ’ പോലുള്ള സിനിമകള്‍ ഇതിനുദാഹരണമാണ്‌. ലോകസിനിമയില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്നത് ഹോളിവുഡ്‌ ചിത്രങ്ങളാണ്‌. ആവിഷ്കാരത്തിലെ പുതുമയാണ്‌ ഹോളിവുഡ്‌ ചിത്രങ്ങളെ ലോകസിനിമയുടെ മുന്‍നിരയിലെത്തിച്ചത്‌.


ജി അരവിന്ദന്‍ രൂപകല്‍പന ചെയ്ത ചലച്ചിത്രമേളയുടെ ലോഗോ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ ചടങ്ങില്‍ ചലച്ചിത്ര അക്കാദമിക്ക്‌ കൈമാറി. അക്കാദമി ചെയര്‍മാന്‍ കെ സി മോഹനന്‍ ഏറ്റുവാങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :