ചോര പടര്‍ത്താത്ത യുദ്ധ സിനിമ

WD
വെള്ളിത്തിരയില്‍ ചോര പടര്‍ത്താത്ത യുദ്ധ സിനിമയാണ്‌ അലക്സാഡ്ര. വെടിയൊച്ചയില്ല, സേനാമുന്നേറ്റങ്ങളില്ല, , എങ്കിലും ലോകത്തെ ഏറ്റവും മികച്ച യുദ്ധസിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചിത്രമാണ്‌ കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച അലക്സാണ്ടര്‍ സുകുറോവിന്‍റെ അലക്സാഡ്ര.

കുരുതിക്കളമായി മാറിയ ലോകസാഹചര്യങ്ങളിലേക്ക്‌ ക്യാമറ തിരിച്ച്‌ യുദ്ധം ഏത്രമേല്‍ തീവ്രമായ അനുഭവമാണെന്ന്‌ വിളിച്ചു പറയുന്ന ഹോളീവുഡ്‌ ചിത്രങ്ങള്‍ നിരവധിയുണ്ട്‌. എന്നാല്‍ പട്ടാള ക്യാമ്പിനുള്ളില്‍ മാത്രം ഒതുങ്ങുന്ന ചിത്രം പുറത്തു നടക്കുന്ന യുദ്ധത്തിന്‍റെ വിങ്ങല്‍ വെളിവാക്കുന്നു.

യുദ്ധക്കളത്തിലേക്ക്‌ പോകുന്ന കൊച്ചുമകനെ കാണാന്‍ ഒരു മുത്തശി എത്തുന്നു. സഹജമായ കൗതുകത്തോടെയും തിരിച്ചറിവുകളോടെയും അവര്‍ പട്ടാളക്യാമ്പില്‍ ചുറ്റി നടക്കുന്നു. ചെച്നിയയിലെ റഷ്യന്‍ യുദ്ധക്യാമ്പിലാണ്‌ ക്യാപ്റ്റന്‍ റാങ്കുള്ള കൊച്ചുമകനെ കാണാന്‍ എണ്‍പതുകള്‍ കഴിഞ്ഞ അലക്സാഡ്ര നികോലേവ്ന എത്തുന്നത്‌.

യുദ്ധഭൂമിയിലേക്ക്‌ പോകുന്നവരില്‍ ആരെല്ലാം മടങ്ങി വരുമെന്ന്‌ ഉറപ്പില്ലെങ്കിലും കൊച്ചുമകനെ സന്തോഷത്തോടെ തന്നെ ആ അമ്മൂമ്മ ഒരോ തവണയും കൈവീശി യാത്രയാക്കുന്നു. കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ട്‌ ഉള്ളിലേക്ക്‌ വലിഞ്ഞു പോയവരാണ്‌ ക്യാമ്പിലെ പട്ടാളക്കാരിലേറെയും. വൈകാരികതയെ വലിയ സൈനിക ഉപകരണങ്ങളെ മറയാക്കി അവര്‍ ഒതുക്കി വച്ചിരിക്കുകയാണ്‌.

യുദ്ധമെന്ന യാഥാര്‍ത്ഥ്യത്തെ നേരിട്ട്‌ അറിയുമ്പോഴും പ്രതീക്ഷയോടെ ജീവിതത്തെ സമീപിക്കുന്നത്‌ സ്ത്രീകളാണെന്ന്‌ സുകൊറോവ്‌ സിനിമയില്‍ കാട്ടിത്തെരുന്നു. സൈനിക ക്യാമ്പിന്‌ വെളിയില്‍ സാധാരണക്കാരായ സ്ത്രീകളുമായി അലക്സാഡ്രക്ക്‌ ഹൃദയബന്ധം ഉണ്ടാകുന്നത്‌ സൗമ്യമായാണ്‌ സുകൊറോവ്‌ കാട്ടിത്തെരുന്നത്‌.

ഭര്‍ത്താവിനൊപ്പം ജീവിച്ച ഭൂതകാലത്തെ പീഢനമെന്ന്‌ ഓര്‍ക്കുന്ന അലക്സാഡ്ര അദ്ദേഹത്തിന്‍റെ മരണശേഷമാണ്‌ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചത്‌. ആരുടേയും സഹായമില്ലാതെ സൈനിക ക്യാമ്പിലെ പുതിയ കാഴ്ചകള്‍ കാണ്ടു നടക്കുകയാണ്‌ അവര്‍. അലക്സാഡ്രയുടെ വരവ്‌ പട്ടാളക്യാമ്പിന്‌ അപരിചതമായ വൈകാരിക ഭാവം നല്‍കുന്നു.

ദിവസങ്ങള്‍ നീണ്ട യുദ്ധത്തിനായി കൊച്ചുമകന്‍ പോകുമ്പോള്‍ പുതിയ കാഴ്ചകള്‍ കണ്ടു തീര്‍ത്ത്‌ അലക്സാഡ്രയും മടങ്ങുന്നു.

WEBDUNIA|
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അലക്സാഡ്രയെ അവതരിപ്പിച്ച നടി ഗലിന വിഷ്‌നെവ്സ്ക്യയുടെ പ്രകടനമാണ്‌ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്‌. ഓപ്പറ രംഗത്തെ ഏക്കാലത്തേയും മികച്ച പ്രതിഭയായ ഗലീന അലക്സാഡ്രയുടെ ഭാവങ്ങളെ അനശ്വരമാക്കിയിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :