ഡാനിയല്‍ ക്രെയ്‌ഗ് നായകനാവുന്ന ജെയിംസ് ബോണ്ട് സിനിമ താമസിക്കുന്നതെന്താണെന്ന് സിനിമാ പ്രേക്ഷകര്‍ തലപുകയ്ക്കുകയായിരുന്നു. ഇതാ ഉത്തരം. സ്റ്റീരിയോസ്കോപ്പിക്ക് സാങ്കേതികത ഉപയോഗിച്ച് ജെയിംസ് കാമറൂണ്‍ ത്രീഡിയില്‍ സംവിധാനം ചെയ്ത അവതാറിനെ പറ്റിയുള്ള വാര്‍ത്തകളാണ് ജെയിംസ് ബോണ്ട് സിനിമയെ വൈകിച്ചത്.
അവതാറിന്റെ ട്രെയിലറുകളും അവതാറിനെ പറ്റിയുള്ള വാര്‍ത്തകളും ജെയിംസ് ബോണ്ട് സിനിമ നിര്‍മിക്കുന്ന എംജിഎം സ്റ്റുഡിയോയെ ഇരുത്തി ചിന്തിപ്പിച്ചുവെത്രെ. അവതാര്‍ റിലീസ് ആകുന്നതുവരെ അവര്‍ കാത്തിരുന്നു. അവതാറിന്റെ ഗംഭീരവിജയം കണ്ടതോടെ എംജിഎം ഉറപ്പിച്ചു, അടുത്ത ജെയിംസ് ബോണ്ട് സിനിമ സ്റ്റീരിയോസ്കോപ്പിക്ക് ത്രീഡിയില്‍ തന്നെ!
എംജിഎം കമ്പനിയെ വാങ്ങാനായി ഒരു കമ്പനി എത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ജെയിംസ് ബോണ്ട് വൈകുന്നത് എന്നുമായിരുന്നു ഇതുവരെ എംജിഎം വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവതാര്‍ ചരിത്രവിജയം നേടിയ ഉടനെ അടുത്ത ജെയിംസ് ബോണ്ട് സ്റ്റീരിയോസ്കോപ്പിക്ക് ത്രീഡിയില്‍ ഒരുങ്ങുന്നുണ്ടെന്ന് എംജിഎം വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയായിരുന്നു. പുതിയ ജെയിംസ് ബോണ്ട് വൈകിയത് ത്രീഡിയില്‍ സിനിമ ചിത്രീകരിക്കാനുള്ള തീരുമാനമെടുക്കാനുള്ള ചര്‍ച്ചകള്‍ നടന്നതുകൊണ്ടാണെന്ന് എംജിഎം ഇപ്പോഴും സമ്മതിച്ചുതരുന്നില്ല.
“ബോണ്ട് 23” എന്നാണ് താല്‍ക്കാലികമായി പുതിയ ബോണ്ട് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഓസ്കാര്‍ അവാര്‍ഡ് ജേതാവായ സംവിധായകന്‍ സാം മെന്‍ഡെസായിരിക്കും പുതിയ ബോണ്ട് സിനിമ ചെയ്യുക. അഞ്ച് ഓസ്കാറുകളും വന്‍ കളക്ഷനും നേടിയെടുത്ത ‘അമേരിക്കന്‍ ബ്യൂട്ടി’ ഒരു ഓസ്കാര്‍ നേടിയ “റോഡ് ടു പെര്‍ഡിഷന്‍” എന്നീ സിനിമകളുടെ സംവിധായകനാണ് സാം മെന്‍ഡെസ്. ബോണ്ട് സീരീസിലെ ഇരുപത്തിമൂന്നാമത്തെ സിനിമയായിരിക്കും ഇത്.
ഡാനിയല്‍ ക്രെയ്‌ഗ് ബോണ്ടായി അഭിനയിച്ച രണ്ട് സിനിമകളാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്. മാര്‍ട്ടിന്‍ കാമ്പെല്‍ സംവിധാനം ചെയ്ത ‘കാസിനോ റോയല്‍’, മാര്‍ക്ക് ഫോര്‍സ്റ്റര്‍ സംവിധാനം ചെയ്ത ‘ക്വാണ്ടം ഓഫ് സൊലാസ്’ എന്നിവയായിരുന്നു ഈ സിനിമകള്‍.
ഇക്കൊല്ലം പുറത്തിറങ്ങുന്ന വന്‍ ബജറ്റ് ത്രിഡി സിനിമകളില്‍ ടിം ബര്‍ട്ടന്റെ ‘ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്’, ഡ്രീംവര്‍ക്ക്‌സ് അനിമേഷന്റെ ‘ട്രെയിന്‍ യുവര്‍ ഡ്രാഗന്‍’, ഡ്രീംവര്‍ക്ക്‌സിന്റെ തന്നെ ‘ഷ്രെക്ക് ഫൊറെവര്‍ ആഫ്റ്റര്‍’ എന്നിവ ഉള്‍പ്പെടുന്നു. അവതാറിന്റെ വിജയത്തോടെ ത്രിഡി സിനിമകള്‍ക്ക് സുവര്‍ണകാലം പിറന്നിരിക്കുകയാണ്.