ഒരു മിന്നാമിനുങ്ങുപോലെ പെട്ടെന്ന് പറന്നെത്തി, ലോക സിനിമയുടെ ആരാധകരെ വിസ്മയിപ്പിച്ച ഏറെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ച്, യാത്ര പോലും പറയാതെ വിടവാങ്ങിയ ഹോളിവുഡ് നടന്‍ ഹീത്ത് ലെജറാണ് ഇത്തവണത്തെ ഓസ്കറില്‍ മികച്ച സഹനടന്‍.
അതെ, മരണശേഷവും ഹീത്ത് ലെജര്‍ ലോകത്തെ അമ്പരപ്പിക്കുകയാണ്. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ‘ദി ഡാര്‍ക്ക് നൈറ്റ്’ എന്ന ബാറ്റ്‌മാന്‍ ചിത്രത്തിലെ ലെജറിന്‍റെ മാസ്മരപ്രകടനമാണ് അദ്ദേഹത്തിന് ഓസ്കര്‍ നേടിക്കൊടുത്തത്.
മനോരോഗിയും കുറ്റവാളിയുമായ ഒരു ജോക്കറായാണ് ഹീത്ത് ലെജര്‍ ഈ ചിത്രത്തില്‍ വേഷമിട്ടത്. ബാറ്റ്മാന്‍ ചിത്രങ്ങളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ജോക്കറാണ് ഹീത്ത് ലെജറിന്‍റേതെന്നാണ് ലോകമെങ്ങുമുള്ള ഹോളിവുഡ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ലെജറിനോടുള്ള ആദരസൂചകമായി ബാറ്റ്മാന്‍ ചിത്രങ്ങളില്‍ ഇനി മുതല്‍ ജോക്കര്‍ കഥാപാത്രത്തെ ഉള്‍പ്പെടുത്തരുതെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇത് രണ്ടാമത്തെ ഓസ്കര്‍ നോമിനേഷനായിരുന്നു ലെജറിനെ തേടിയെത്തിയത്. 2005ല്‍ ‘ബ്രോക്ക് ബാക്ക് മൌണ്ടന്‍’ എന്ന സിനിമയിലെ ഗംഭീര പ്രകടനം ലെജറിനെ ഓസ്കര്‍ നാമനിര്‍ദ്ദേശത്തിന് അര്‍ഹനാക്കിയിരുന്നു. എന്നാല്‍ അന്ന് അവാര്‍ഡ് ലെജറിനെ അനുഗ്രഹിച്ചില്ല. ഇപ്പോഴിതാ, മരണ ശേഷം ഓസ്കര്‍ ആ മഹാപ്രതിഭയെ തേടിയെത്തിയിരിക്കുന്നു.
ലോസാഞ്ചല്‍സ്|
WEBDUNIA|
Last Modified തിങ്കള്‍, 23 ഫെബ്രുവരി 2009 (08:59 IST)
2008 ജനുവരി 22ന് മാന്‍ഹട്ടനിലെ അപ്പാര്‍ട്ടുമെന്‍റില്‍ ഹീത്ത് ലെജറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതായിരുന്നു ലെജറിന്‍റെ മരണത്തിന് കാരണം.