ഓണവും വാമനനും
പുരാണങ്ങളിൽ വാമനാവതാരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാമനാവതാരം സംഭവിച്ചത് രണ്ടാം യുഗമായ ത്രേതായുഗത്തിലാണ്
ഓണവും വാമനനും തമ്മിലെന്ത് ബന്ധമെന്ത് ഒരു മലയാളിയും ചോദിക്കില്ല. എന്നാൽ ഈ അവതാരത്തെക്കുറിച്ചുള്ള ഐതിഹ്യം പൂർണമായി അറിയാവുന്ന എത്ര മലയാളികളുണ്ട്? ദശാവതാരങ്ങളിൽ വിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപം വാമനന്റേതാണ്. പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്റെ ബോധതലം ഉരുത്തിരിയുന്ന പ്രാക്തനാവസ്ഥയെയാണ് വാമനൻ പ്രതിനിധീകരിക്കുന്നത്.
പുരാണങ്ങളിൽ വാമനാവതാരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാമനാവതാരം സംഭവിച്ചത് രണ്ടാം യുഗമായ ത്രേതായുഗത്തിലാണ്.
ഐതിഹ്യം
അസുരരാജാവായ മഹാബലി തന്റെ തപസ്സും ജ്ഞാനവും കൊണ്ട് ദേവൻമാരെപ്പോലും അതിശയിച്ചു. മഹാബലിയുടെ ഔന്നത്യത്തിന് മുന്നിൽ സ്വർഗ്ഗലോകം പോലും തുറന്നുകൊടുക്കേണ്ടതായി വന്നു. ദൈത്യരാജാവിന്റെ മഹത്വം ദേവൻമാർ നിരാശ നിറഞ്ഞ ഹൃദയത്തോടെ അംഗീകരിച്ചു.
തന്റെ പൂർവികരായ അസുരരാജാക്കൻമാരിൽ നിന്നും വ്യത്യസ്ഥനായിരുന്നു മഹാബലി. മഹാബലിയുടെ പൂർവികരായ ക്രൂര അസുരരിൽ നിന്നും മഹാവിഷ്ണു അതിന് മുൻപുള്ള രണ്ടവതാരങ്ങളിൽ ഭൂമിയെയും മറ്റു ലോകങ്ങളെയും കാത്തു രക്ഷിച്ചിട്ടുണ്ട്.
ഹിരണ്യകശിപുവിനെ നേരിട്ട നരസിംഹാവതാരവും ഹിരണ്യാക്ഷനെ എതിർത്ത് തോൽപ്പിച്ച വരാഹവതാരവുമായിരുന്നു അവ. ഹിരണ്യകശിപുവിന്റെയും ഹിരണ്യാക്ഷന്റെയും പ്രഹ്ളാദന്റെയും പിൻതലമുറക്കാരായിരുന്നു മഹാബലി.
മഹാബലിയുടെ ഗുണബലം കണ്ട് ഭയന്ന ദേവന്മാർ ദേവമാതാവായ അദിതിയോട് സങ്കടം ഉണർത്തിച്ചു. 'മഹാബലിയുടെ സദ്ഗുണങ്ങൾ കുറഞ്ഞ്, അഹങ്കാരം വർദ്ധിക്കുന്ന കാലമാകട്ടെ' എന്ന് തന്നോട് സഹായമഭ്യർത്ഥിച്ച അദിതിയോട് മഹാവിഷ്ണു അറിയിച്ചു.
അധികാരപ്രമത്തത മഹാബലിയുടെ പുണ്യത്തെ ക്ഷയിപ്പിച്ച് തുടങ്ങി. സൃഷ്ടാവിനെക്കാൾ ഉയർന്നവനാണ് താൻ എന്ന തോന്നൽ മഹാബലിയ്ക്കുണ്ടായി. ഈയവസരത്തിൽ, മഹാവിഷ്ണു അദിതിയുടെയും കശ്യപന്റെയും മകനായി ജനിച്ചു. മഹാബലി ഒരു വൻയാഗം നടത്താൻ തീരുമാനിച്ചു. അതിതേജസ്വിയായ ബ്രഹ്‌മചാരി രൂപത്തിൽ വാമനൻ മഹാബലിയുടെ യാഗഭൂമിയിൽ എത്തിച്ചേർന്നു. തന്റെ ജ്ഞാനവും സാന്നിദ്ധ്യവും കൊണ്ട് വാമനൻ മഹാബലിയുടെ ഹൃദയം കവർന്നു. തന്നോട് എന്ത് ഭിക്ഷ വേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളാൻ മഹാബലി ബാല ബ്രാഹ്‌മണനോട് പറഞ്ഞു.
സാധനയനുഷ്ഠിക്കുവാൻ മൂന്ന് ചുവട് സ്ഥലം തരികയെന്ന വാമനന്റെ ആവശ്യം കേട്ട് മഹാബലി അത്ഭുതം കൂറി. ഇത്ര ചെറിയ ആവശ്യമോ? കൂടുതൽ ഭൂമി, സമ്പത്ത്, ഗോക്കൾ, രാജധാനി പോലും ചോദിക്കുവാൻ മഹാബലി ആവശ്യപ്പെട്ടു. 'മൂന്നടി മണ്ണ് മാത്രം തരിക' എന്ന വാമനന്റെ അപേക്ഷയ്ക്ക് മഹാബലി വഴിപ്പെട്ടു. തീർത്ഥം തളിച്ച് ദാനം ചെയ്യാൻ ഒരുങ്ങുന്ന മഹാബലിക്ക് മുന്നിൽ ആകാശത്തോളം വാമനൻ വളർന്നു നിന്നു. ഒരു ചുവട് കൊണ്ട് പാതാളവും രണ്ടാം ചുവട് കൊണ്ട് ഭൂമിയും അളന്നെടുത്ത് മൂന്നാം ചുവടിന് സ്ഥലം കാണാതെയുഴറിയ വാമനന് മുന്നിൽ സത്യപ്രതിഷ്ഠനായ മഹാബലിയുടെ ശിരസ് താഴ്ന്നു.
ഒരു പാപവുമനുഷ്ഠിക്കാത്ത ഒരു വ്യക്തിക്ക് ഉണ്ടായ ഈ ദുരന്തത്തിൽ വിഷ്ണുവിന് മനസ്താപമുണ്ടായി. തന്റെ കാൽ മഹാബലിയുടെ ശിരസ്സിൽ പതിക്കുന്നതിന് മുൻപ് 'എന്ത് വരം വേണമെന്ന്' വാമനമൂർത്തി ചോദിച്ചു.
'നിരന്തരമായ വിഷ്ണുഭക്തി'യാണ് മഹാബലി ആവശ്യപ്പെട്ടത്. അതുകൊണ്ട് തൃപ്തി വരാത്ത മഹാവിഷ്ണു വീണ്ടുമൊരു വരം ചോദിക്കാൻ ആവശ്യപ്പെട്ടപ്പോൾ വർഷത്തിലൊരിക്കൽ തന്റെ പ്രിയ പ്രജകളെക്കാണാൻ വരാനുള്ള അനുവാദമാണ് മഹാബലി ആവശ്യപ്പെട്ടത്.
ലോകം കണ്ടതിൽ വച്ച് ഏറ്റവും നീതിമാനും സത്യസന്ധനും ശ്രേഷ്ഠനുമായ രാജാവായിരുന്നു മഹാബലിയെന്ന് പുരാണങ്ങൾ പറയുന്നു. കേരളമായിരുന്നു മഹാബലിയുടെ പ്രധാന ഭരണകേന്ദ്രം. ഓണത്തിന് പ്രജകളെ കാണാൻ മഹാബലിയെത്തുമ്പോൾ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദർശിക്കരുതെന്ന് മലയാളികൾ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങൾക്കുമവധി കൊടുത്ത്, മലയാളികൾ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്റെ അടിസ്ഥാന വികാരവുമിതാണ്.
ഈ യുഗത്തിലെ ഇന്ദ്രന്റെ സ്ഥാനം ഒഴിയുമ്പോൾ അടുത്ത ഇന്ദ്രനായി അവരോധിക്കപ്പെടാനുള്ള അനുഗ്രഹവും വിഷ്ണു മഹാബലിക്ക് നൽകിയിട്ടുണ്ട്. മൂന്നടികൊണ്ട് ലോകമളന്നതിനാൽ വാമനന്, ത്രിവിക്രമമൂർത്തിയെന്നും പേരുണ്ട്. കൃഷ്ണാവതാരത്തിന് മുൻപ് വാമനൻ മാത്രമാണ് 'വിശ്വരൂപം' കാണിച്ചിട്ടുള്ളത്.