2022 Karka Sankranti: കര്‍ക്കടക സംക്രാന്തിക്ക് വീടും പരിസരവും വൃത്തിയാക്കുന്നത് എന്തിന്?

രേണുക വേണു| Last Modified ശനി, 16 ജൂലൈ 2022 (08:30 IST)

Karkkidakam 2022: മിഥുന മാസത്തിലെ അവസാന ദിനമാണ് ഇന്ന്. കര്‍ക്കടക സംക്രാന്തിയായാണ് ഹൈന്ദവ വിശ്വാസികള്‍ ഈ ദിവസത്തെ ആചരിക്കുന്നത്. പഞ്ഞ മാസമായ കര്‍ക്കടകത്തിലേക്ക് കടക്കുന്നതിന്റെ ഓര്‍മയാണ് കര്‍ക്കടക സംക്രാന്തി. മൂദേവിയെ വീട്ടില്‍ നിന്ന് പടിയിറക്കി ശ്രീദേവിയെ സ്വീകരിക്കുന്നതാണ് കര്‍ക്കടക സംക്രാന്തിയുടെ ഐതിഹ്യം. കര്‍ക്കടകത്തെ പുണ്യമാസമെന്നാണ് വിശ്വാസികള്‍ വിളിക്കുന്നത്.

വീടുകളിലെ മാറാലയും പൊടിയും എല്ലാം അടിച്ചുവാരി വൃത്തിയാക്കി ചേട്ട (മൂദേവി) യെ പുറത്താക്കി, ശ്രീ ഭഗവതിയെ അകത്ത് പ്രതിഷ്ഠിക്കുന്നു. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് കേരളീയര്‍. അങ്ങനെയൊരു ആചാരവും അനുഷ്ഠാനവുമാണ് കര്‍ക്കടക സംക്രാന്തി ദിവസത്തെ വീട് വൃത്തിയാക്കല്‍.

കേരളത്തില്‍, തെക്കെ മലബാറിലാണ് ഇത് കൂടുതല്‍ ആചരിച്ചു കാണുന്നത്. മിഥുനമാസത്തിന്റെ അവസാനത്തില്‍ കര്‍ക്കടക സംക്രമദിവസം സന്ധ്യാസമയത്താണ് ആഘോഷം നടക്കുക. സംക്രാന്തിക്ക് മുന്‍പായി വീടുകളിലെ മുറ്റത്തെ പുല്ലു ചെത്തി വൃത്തിയാക്കുന്നു. കട്ടിലകള്‍, ജനാലകള്‍ എന്നിവ കഴുകിവൃത്തിയാക്കുന്നു. പശുവിന്‍ ചാണകവെള്ളം തളിച്ച് വീടുകളും പരിസരങ്ങളും ശുദ്ധമാക്കുന്നു. അതിനുശേഷം പൊട്ടിയെ അടിച്ചു പുറത്താക്കുന്നു.

ഒരു കീറിയ പഴയ മുറത്തില്‍ ചോറുകൊണ്ട് വെളുത്തതും കറുത്തതും മഞ്ഞയും നിറങ്ങളില്‍ മൂന്ന് ഉരുളകള്‍ ഉണ്ടാക്കിവയ്ക്കുന്നു. എരിഞ്ഞി ഇല, കൂവയില, മെച്ചിങ്ങ, കുറ്റിച്ചൂല്, മൈലാഞ്ചി എന്നിവയും വയ്ക്കുന്നു. ചോറ് ഉരുളകളുടെ മുകളിലായി മൂന്നു തിരികള്‍ കത്തിച്ചുവയ്ക്കുന്നു. അതിനുശേഷം വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീ അല്ലെങ്കില്‍ മറ്റാരെങ്കിലും ഈ മുറം കയ്യില്‍ വച്ച് എല്ലാ മുറികളിലും കയറിയിറങ്ങുന്നു. 'പൊട്ടി (മൂദേവി) പോ, പോ...ശീപോതി(ശ്രീദേവി)യും മക്കളും വാ വാ' എന്ന് ഉച്ചത്തില്‍ പറഞ്ഞു കൊണ്ടാണ് എല്ലാ മുറികളിലും കയറിയിറങ്ങണം. അതിനുശേഷം വീടിനു ചുറ്റും മൂന്നുപ്രാവശ്യം വലംവയ്ക്കുന്നു. വാഴപ്പിണ്ടികള്‍കൊണ്ടും മടലുകള്‍കൊണ്ടും നിലത്ത് അടിച്ച് ശബ്ദമുണ്ടാക്കി കുട്ടികളും ഇവരുടെ പിറകേ ഓടുന്നു. വീട് മൂന്ന് തവണ വലംവച്ചശേഷം മുറവും അതിലെ സാധനങ്ങളും മറ്റും ദൂരെ ഒഴിഞ്ഞ കോണില്‍ ഉപേക്ഷിക്കുന്നു. പിന്നീട് ആ സ്ത്രീ ഒരു കുളത്തില്‍ പോയി നീന്തി, തുടിച്ച് കുളിക്കുന്നു. കുളിക്കുന്നതിന് മുന്‍പായി ദേഹത്തിലും തലയിലും നിറയെ എണ്ണതേയ്ക്കുന്നു. കുറച്ച് എണ്ണ ഭൂമീദേവിക്കും സമര്‍പ്പിക്കും. ചേട്ട (മൂദേവി)യെ അടിച്ചുപുറത്താക്കി ശ്രീപാര്‍വതിയെ അഥവാ ശ്രീദേവിയെ കുടിയിരുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :