തിരുവനന്തപുരം|
എ ജെ കെ അയ്യർ|
Last Modified ഞായര്‍, 17 ജൂലൈ 2022 (15:26 IST)
തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ അടുത്ത വർഷത്തെ
പൊങ്കാല മാർച്ച് ഏഴിനു നടക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളായി കോവിഡ് വ്യാപനം കാരണം ക്ഷേത്രത്തിലും വീടുകളിലും മാത്രം പൊങ്കാല നടത്തിയിരുന്നത് ഇത്തവണ വീണ്ടും വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്രം ഭാരവാഹികൾ. ഇത്തവണ പൊതു സ്ഥലങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പൊങ്കാല നടത്താനുള്ള ആലോചനകൾ പുരോഗമിക്കുന്നുണ്ട്.
പൊങ്കാല മഹോത്സവം ഫെബ്രുവരി ഇരുപത്തേഴിനു തുടങ്ങും. ആനി ദിവസം പുലർച്ചെ നാലരയ്ക്ക് ദേവിയെ കാപ്പുകെട്ടി കുറ്റിയിരുത്തും. മാർച്ച് ഒന്നാം തീയതി രാവിലെ 9.20 നു കുത്തിയോട്ടം വ്രതാരംഭം നടക്കും. മാർച്ച് ഏഴിന് രാവിലെ പത്തരയ്ക്ക് പൊങ്കാല അടുപ്പുവെട്ടും ഉച്ചയ്ക്ക് രണ്ടരമണിക്ക് പൊങ്കാല നിവേദ്യവും നടക്കും.
അന്ന് രാത്രി ഏഴേമുക്കാലിന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ പുറത്തെഴുന്നള്ളിക്കും. അടുത്ത ദിവസം രാത്രി 9.15 നു ദേവിയുടെ കാപ്പ് അഴിച്ചു കുടിയിളക്കും. വെളുപ്പിന് ഒരു മണിക്ക് കുരുതി തർപ്പണത്തോടെ മഹോത്സവത്തിന് സമാപനം. പൊങ്കാല മഹോത്സവത്തിൽ ഏറെ പ്രാധാന്യമുള്ള കുത്തിയോട്ടത്തിൽ പങ്കെടുക്കുന്നതിന് പന്ത്രണ്ട് വയസിനു താഴെയുള്ള ബാലന്മാരുടെ രജിസ്‌ട്രേഷൻ ചിങ്ങ മാസത്തിലാണ് ആരംഭിക്കുക.