നാവും തൊണ്ടയും എന്തിന് ശരീരം വരെ വരണ്ടുപോകുന്ന കഠിനമായ വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുകയാണ് മലയാളി. എത്ര വെള്ളം കുടിച്ചാലും തീരാത്ത ദാഹം. ഉഷ്ണം ഉഷ്ണേന ശാന്തി എന്ന തത്വം പറഞ്ഞ് ചൂടു ചായയും കാപ്പിയും കുടിച്ചും, നാരങ്ങാവെള്ളവും സാദാ ഡ്രിങ്ക്സും മുതല്‍ ഷാര്‍ജയും അബുദാബിയും പെപ്സിയും നുണഞ്ഞ് ചൂടു മറികടക്കാന്‍ തയ്യാറെടുക്കുകയാണ് നമ്മള്‍.
ഒരാള്‍ പ്രതിദിനം എത്ര ലിറ്റര്‍ വെള്ളം ഉള്ളിലാക്കണം? ഓരോരുത്തര്‍ക്കും ശരീരഘടനയനുസരിച്ചാണ് വെള്ളം കുടിയുടെ തോതെങ്കിലും 1,500 മുതല്‍ 2,500 മി.ലി. വരെ വെള്ളം വേണം ശരീരത്തിന് ഒരു ദിവസം അതിന്‍റെ പ്രവര്‍ത്തനങ്ങളൊക്കെ സുഗമമായി നടത്താന്‍.
കാലാവസ്ഥ, ചെയ്യുന്ന ജോലിയുടെ പ്രത്യേകത, കഴിക്കുന്ന ഭക്ഷണത്തിന്‍റെ വ്യത്യസ്തത എന്നിവയനുസരിച്ചാണ് ശരീരം ജലത്തിന്‍റെ അളവു നിയന്ത്രിക്കുന്നത്. പൊരിവെയിലില്‍ കഠിനമായി അധ്വാനിക്കുന്ന ശരീരം ഉപയോഗിക്കുന്നത്ര വെള്ളം വേണമോ ഫാനിന്‍റെ കീഴില്‍ ഓഫീസില്‍ പണിയെടുക്കുന്നയാളിന്. ശരീരത്തിനാവശ്യമായ ജലം ലഭിച്ചില്ലെങ്കിലുണ്ടാകുന്ന പ്രശ്നങ്ങള്‍ അനേകമുണ്ട്. നിര്‍ജലീകരണം, മലബന്ധം, മൂത്രാശയ രോഗങ്ങള്‍ അങ്ങനെ പോകുന്നു നിര. അപ്പോള്‍ പിന്നെ ദിവസവും ഇരുപത്തിയഞ്ചു ഗ്ളാസ് വെള്ളമെങ്കിലും കുടിക്കണം ശരീരമൊന്നു പരുവപ്പെടുത്തിയെടുക്കാന്‍. വെള്ളം കുറച്ചു കുടിച്ചാല്‍ കുറച്ചു മൂത്രമേ ശരീരം ഉല്പാദിപ്പിക്കുകയുള്ളൂ. മൂത്രച്ചൂറിയയാവും ഫലം.
1,200 മുതല്‍ 1,500 മി.ലി. വരെ മൂത്രം ഉല്പാദിപ്പിക്കാന്‍തക്ക ജലം ഒരാള്‍ കുടിക്കേണ്ടതാണ്. മൂത്രത്തിന്‍റെ നിറം നോക്കിയാണ് പലപ്പോഴും ശരീരത്തിന് ആവശ്യം വേണ്ട വെള്ളം കുടിച്ചോ എന്ന് കണക്കാക്കുന്നത്. ആരോഗ്യമുള്ള ശരീരത്തില്‍ ഇളംമഞ്ഞ നിറമുള്ള മൂത്രമായിരിക്കും ഉണ്ടാവുക. കൃത്യമായ അളവില്‍ വെള്ളം കുടിച്ചെങ്കില്‍ മാത്രമേ ഇളം മഞ്ഞനിറമുള്ള മൂത്രം ഉണ്ടാകൂ. മഞ്ഞനിറം കൂടുന്നതിനനുസരിച്ച് ശരീരത്തിന് ജലദൗര്‍ലഭ്യമുണ്ടെന്ന് കണക്കാക്കണം.
ഭക്ഷണത്തോടൊപ്പം ഒരു ഗ്ളാസ് വെള്ളമാണ് കുടിക്കേണ്ടത്. സൂപ്പുകള്‍, പാല്, ചായ, കാപ്പി, തുടങ്ങിയവയിലും ടൊമാറ്റോ, വെള്ളരിക്ക, തണ്ണിമത്തന്‍ എന്നിവയിലും ജലാംശം കൂടുതലുണ്ട്. വേനല്‍ക്കാലച്ചൂട് തടയാന്‍ ഇവ ധാരാളം കഴിക്കുന്നത് ശീലമാക്കുക.