അമിത വണ്ണത്തെ എങ്ങനെ നേരിടാം

WEBDUNIA|

അമിത വണ്ണം മൂലം ആശങ്കപ്പെടുന്ന അനേകരെ കാണാന്‍ കഴിയും. ആധുനിക ജീവിതചര്യകളും ഫാസ്റ്റ് ഫുഡ് സംസ്ക്കാരവുമെല്ലാമാണ് അമിത വണ്ണത്തിന്‍റെ പ്രധാന കാരണങ്ങള്‍. വെറുതെയിരിക്കുമ്പോള്‍ ചിപ്സ് പോലുള്ളവ കൊറിക്കുന്നവരും നിരന്തരം എണ്ണപ്പലഹാരങ്ങളും ഐസ്ക്രീമുകളും കഴിക്കുന്നവരും സ്വയം തടിയന്മാരായി മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അമിതവണ്ണത്തെപ്പറ്റി ആശങ്കപ്പെടാതെ അതു കുറയ്ക്കുവാനുള്ള ശ്രമം നടത്തുകയാണാവശ്യം. അതിനു സഹായിക്കുന്ന ചില നിര്‍ദ്ദേങ്ങളിതാ

ആദ്യമായിത്തന്നെ ഭക്ഷണം ക്രമീകരിക്കുകയാണാവശ്യം. കൊഴുപ്പുകലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പരമാവധി ഒഴിവാക്കുക. എണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങളും വര്‍ജ്ജിക്കണം.

ഭക്ഷണത്തിന്‍റെ ഇടവേളകളില്‍ എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ കഴിക്കുന്നത് പാടെ നിര്‍ത്തലാക്കണം. നാരുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മുളപ്പിച്ച ധാന്യങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.

കൃത്യസമയത്തുമാത്രം ഭക്ഷണം കഴിക്കുക. ടി.വി. കാണുമ്പോള്‍ ചിപ്സ് പോലുള്ളവ കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അവസാനിപ്പിക്കുക. ദാഹിക്കുമ്പോള്‍ സംഭാരം, നാരങ്ങാവെള്ളം , കരിക്കിന്‍ വെള്ളം, പഴച്ചാറ്, പാട മാറ്റിയ പാല്‍ മുതലായവ കുടിക്കുക. കലോറി വളരെയുള്ള ശീതള പാനീയങ്ങള്‍, ഐസ്ക്രീം, ചോക്ളേറ്റ് തുടങ്ങിയവ കഴിക്കരുത്.

പ്രകൃതിദത്തമായ സുഗന്ധ ദ്രവ്യങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുക. നോണ്‍ സ്റ്റിക്ക് പാന്‍ ഉപയോഗിച്ചാല്‍ എണ്ണ ഉപയോഗിക്കാതെ ഭക്ഷണം പാകം ചെയ്യാന്‍ കഴിയും. രുചി വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ കൃത്രിമ രാസവസ്തുക്കള്‍ ചേര്‍ക്കരുത്.

എന്നാല്‍ തടി കുറയ്ക്കാന്‍ പട്ടിണി കിടക്കുന്നത് നല്ലതല്ല. പ്രഭാത ഭക്ഷണം കഴിക്കാതിരിക്കരുത്. ദിവസവും വ്യായാമത്തില്‍ ഏര്‍പ്പെടുക. നടത്തവും നീന്തലുമെല്ലാം തടി കുറയ്ക്കാനും ആരോഗ്യമുള്ള ശരീരം സൃഷ്ടിക്കാനും സഹായിക്കും.

ഇതിനെല്ലാം പുറമെ എല്ലായിപ്പോഴും ശുഭകരമായ കാര്യങ്ങള്‍ ചിന്തിക്കാന്‍ ശ്രമിക്കുക. ആഹ്ളാദകരമായ മാനസ്സികാവസ്ഥ ആരോഗ്യം പരിരക്ഷിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :