ലോക ടോയ്‌ലറ്റ് സമ്മേളനം തുടങ്ങി

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
ഇത്തവണത്തെ ലോക “ടോയ്‌ലറ്റ്” സമ്മേളനം ന്യൂഡല്‍ഹിയില്‍ തുടങ്ങി. ഇന്ത്യയില്‍ ചെലവ് കുറഞ്ഞ ടോയ്‌ലറ്റുകള്‍ പ്രചരിപ്പിക്കുന്ന ‘പഥക് സുലഭ് ഇന്‍റര്‍നാഷണല്‍’ ഉം സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ‘വേള്‍ഡ് ടോയ്‌ലറ്റ് ഓര്‍ഗനൈസേഷന്‍’ ഉം (ഡബ്ലിയു ടി ഒ) ചേര്‍ന്നാണ് സമ്മേളനം നടത്തുന്നത്.

നാല്‍പ്പത് രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ശരിയായ ടോയ്‌ലറ്റ് സൌകര്യം ലഭിക്കാത്ത ലോക ജന സംഖ്യയുടെ 40 ശതമാനത്തിന് ആരോഗ്യകരമായ ചുറ്റുപാടില്‍ ടോയ്‌ലറ്റ് സൌകര്യം ഉറപ്പാക്കുന്നതിനെ കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്യുന്നത്.

ലോക ജനസംഖ്യയില്‍ 2.6 ബില്യന്‍ ആള്‍ക്കാര്‍ക്കാണ് ടോയ്‌ലറ്റ് സൌകര്യം ലഭ്യമല്ലാത്തത്. ഇതില്‍ 20 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 2008 അന്താരാഷ്ട്ര ശുചിത്വ വര്‍ഷമായി ആചരിക്കുന്ന വേളയില്‍ കഴിയുന്നിടത്തോളം ആള്‍ക്കാര്‍ക്ക് വൃത്തിയുള്ള സാഹചര്യത്തില്‍ ടോയ്‌ലറ്റ് സൌകര്യം നല്‍‌കുകയാണ് സമ്മേളനത്തിന്‍റെ മുഖ്യ ലക്‍ഷ്യം.

2001ല്‍ സിംഗപ്പൂരിലാണ് ലോക ടോയ്‌ലറ്റ് ഓര്‍ഗനൈസേഷന്‍ ആരംഭിച്ചത്. ഇപ്പോള്‍ ആകെ 42 രാജ്യങ്ങളില്‍ പ്രതിനിധാനമുണ്ട്. ടോയ്‌ലറ്റുകളില്‍ അല്ലാതെ വിസര്‍ജ്ജനം നടത്തുന്നത് മൂലം ഉണ്ടാവുന്ന ആരൊഗ്യ പ്രശ്നങ്ങള്‍ പ്രതിവര്‍ഷം 1.8 ദശലക്ഷം ആള്‍ക്കാരുടെ ജീവന്‍ കവരുന്നു എന്നാണ് സംഘടന കണക്കാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :