സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (09:44 IST)
നിപ വൈറസിനെ കണ്ടെത്താന്‍ പി.സി.ആര്‍. അല്ലെങ്കില്‍ റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍.ടി.പി.സി.ആര്‍) പരിശോധനയാണ് നടത്തുന്നത്. എന്‍.ഐ.വി. പൂനെയില്‍ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി സാമ്പിളുകളില്‍ നിന്ന് ആര്‍.എന്‍.എ.യെ വേര്‍തിരിക്കുന്നു. ഇതില്‍ നിപ വൈറസ് ജീന്‍ കണ്ടെത്തിയാല്‍ നിപ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിക്കും. ഈ പരിശോധനയ്ക്ക് 3 മുതല്‍ 4 മണിക്കൂറാണ് സമയമെടുക്കുന്നത്.
നിലവില്‍ നിപ പരിശോധനകള്‍ കൃത്യസമയത്ത് നടത്താനും പരിശോധനാഫലം ലഭ്യമാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താനും സാധിക്കുന്നുണ്ട്. ഇതുവഴി നിപ വൈറസിനെ നിയന്ത്രണ വിധേയമാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
എന്‍. 95 മാസ്‌ക്, ഫേസ്ഷീല്‍ഡ്, ഡബിള്‍ ഗ്ലൗസ്, പി.പി.ഇ. കിറ്റ് തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങള്‍, സിഎസ്എഫ്, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുന്നു. തുടക്ക സമയത്ത് രോഗലക്ഷണങ്ങള്‍ പലരിലും കാണാത്തതിനാല്‍ നിപ വൈറസിന്റെ പ്രാരംഭ ഘട്ടം വെല്ലുവിളി നിറഞ്ഞതാണ്.