കീമോ വാർഡിൽ നിന്നും ഡബിൾ സ്ട്രോങ് പുതുവർഷാശംസയുമായി നന്ദു മഹാദേവ !

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 2 ജനുവരി 2020 (13:41 IST)
വിടാതെ പിന്തുടരുന്ന ക്യാൻസറിനെ ആത്മവിശ്വാസത്തോടെ പൊരുതി തോൽപ്പിച്ച് കൊണ്ടിരിക്കുന്ന നന്ദു മഹാദേവയെ എല്ലാവർക്കും അറിയാം. ക്യാൻസറിനോട് ചെറുപുഞ്ചിരി സമ്മാനിച്ച നന്ദുവിന്റെ ഇത്തവണത്തെ ന്യൂ ഇയർ ആശുപത്രിയിലാണ്. ഈ വര്‍ഷത്തെ ഏറ്റവും സ്‌ട്രോങ് ആയിട്ടുള്ള പുതുവത്സരാശംസകള്‍ ദേ ഈ കീമോ വാര്‍ഡില്‍ നിന്നും ഞാന്‍ ആശംസിക്കുന്നുവെന്ന നന്ദുവിന്റെ പോസ്റ്റ് വൈറലാവുകയാണ്.

നന്ദു മഹാദേവയുടെ പോസ്റ്റ്:

ഈ വര്‍ഷത്തെ ഏറ്റവും സ്‌ട്രോങ് ആയിട്ടുള്ള പുതുവത്സരാശംസകള്‍ ദേ ഈ കീമോ വാര്‍ഡില്‍ നിന്നും ഞാന്‍ ആശംസിക്കുന്നു ! പ്രതിസന്ധികള്‍ പെരുമഴയായി ജീവിതത്തിലേക്ക് വന്നിട്ടും എങ്ങനെ ഇത്ര ഹാപ്പിയായി പോസിറ്റീവ് ആയി ഇരിക്കാന്‍ കഴിയുന്നു എന്ന് എല്ലാവരും എന്നോട് ചോദിക്കാറുണ്ട്… അവരോട് ഞാന്‍ പറയുന്നത് ഇതാണ്.. ഒരു നിമിഷമെങ്കില്‍ ഒരുനിമിഷം.. പക്ഷേ… പുകയരുത്.. ജ്വലിക്കണം… ഈ മാനസിക അവസ്ഥയുള്ള ആളാണ് ഞാന്‍.. അതുകൊണ്ട് തന്നെയാണ് ഈ പ്രതിസന്ധികളെയെല്ലാം എനിക്ക് പുഞ്ചിരിയോടെ നേരിടാന്‍ കഴിഞ്ഞത്…

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഭയപ്പെടുന്ന വാക്കാണ് മരണം.. ഏറ്റവും നെഗറ്റീവ് ആയാണ് മരണത്തെ കാണുന്നതും… ആ ഭയം മാറിയാല്‍ മനുഷ്യന്‍ അജയ്യനായി.. ഏറ്റവും നെഗറ്റീവ് ആയി കാണുന്ന മരണത്തെപ്പറ്റിയാണ് ഈ പുതുവര്‍ഷത്തില്‍ ഞാന്‍ എഴുതുന്നത്.. സത്യം പറഞ്ഞാല്‍ നാളെ മരിയ്ക്കും എന്ന് വിചാരിച്ചിട്ട് ഇന്ന് ജീവിയ്ക്കാന്‍ മറന്നു പോകുന്നവരാണ് നമ്മുടെ ഇടയില്‍ കൂടുതല്‍.. ജീവിയ്ക്കാന്‍ മടുത്ത് പോയവരുടെ ജീവിതമാണ് ശരിക്കുള്ള മരണം.. ജീവിതത്തോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് ജീവിതത്തിലേയ്ക്ക് വന്നവരാണ് ഞാനുള്‍പ്പെടെ ഒത്തിരിപ്പേര്‍… ജനിച്ചാല്‍ എന്നായാലും മരിയ്ക്കും..

എത്രനാള്‍ ജീവിച്ചു എന്നതില്‍ അല്ല എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം.. പേടിയ്ക്കരുത്… പേടിച്ചാല്‍ മരണം വരെ പേടിയ്ക്കേണ്ടി വരും , ഞങ്ങളുടെ നാട്ടില്‍ ഒരാള്‍ ഉണ്ടായിരുന്നു.. അദ്ദേഹത്തിന് പാമ്പിനെ വല്ലാത്ത പേടിയായിരുന്നു.. ഒരിക്കല്‍ പറമ്പിലൂടെ നടക്കുമ്പോള്‍ അയാളുടെ കാലില്‍ എന്തോ കടിച്ചു.. പാമ്പ് കടിക്കുന്നത് പോലെ ശക്തിയായി വേദനിച്ചു.. സെക്കന്റുകള്‍ക്കുള്ളില്‍ അയാള്‍ മരണപ്പെട്ടു.. നടക്കാന്‍ പോയ ആളിനെ കാണാതെ ആയപ്പോള്‍ ബന്ധുക്കള്‍ തിരക്കിയിറങ്ങി..

ഒടുവില്‍ അവര്‍ പറമ്പില്‍ മരണപ്പെട്ടു കിടക്കുന്ന അദ്ദേഹത്തിനെ കണ്ടെത്തി.. വാരിയെടുത്തു ഹോസ്പിറ്റലില്‍ കൊണ്ടു പോയി.. പോസ്റ്റ്മോര്‍ട്ടം ചെയ്തു.. അപ്പോഴാണ് ഡോക്ടര്‍ അത് കണ്ടത്.. കാലില്‍ ഒരു താണ്ടിന്റെ(തേങ്ങയുടെ തോട്) ഭാഗം തറഞ്ഞിരിക്കുന്നു.. ഉണങ്ങി റ പോലെ ആയ തൊണ്ടിന്റെ മധ്യ ഭാഗത്താണ് അദ്ദേഹം ചവിട്ടിയത്.. ചവിട്ടിയ മാത്രയില്‍ വേദന എടുത്തപ്പോള്‍ അദ്ദേഹം കരുതിയത് പാമ്പ് ശക്തിയായി കടിച്ചു എന്നാണ്..

തല്‍ക്ഷണം അമിതമായ പേടിയില്‍ ഹൃദയം(attack) നിലച്ചതാണ് മരണ കാരണം.. അനാവശ്യമായ ഭയം എങ്ങനെ അപകടം ആകുന്നു എന്ന് ഈ ഉദാഹരണത്തില്‍ നിന്ന് മനസ്സിലാകും.. മരണം എല്ലാര്‍ക്കും ഉള്ളതാണ്.. അതിനെ ചുമ്മാതെ പേടിച്ചാലും ഇല്ലെങ്കിലും അതിന്റെ സമയം ആകുമ്പോള്‍ അത് വരും.. അതോര്‍ത്തിട്ട് ജീവിതം മരണതുല്യം ആക്കരുത്.. സന്തോഷം വരുമ്പോള്‍ ചിരിക്കുന്ന പോലെ സങ്കടം വരുമ്പോള്‍ കരയുക.. അതോടെ അത് അവിടെ ഉപേക്ഷിക്കുക.. ആരെങ്കിലും സന്തോഷങ്ങള്‍ ഓര്‍ത്ത് ആശങ്കപ്പെടാറുണ്ടോ..

ഇല്ല.. അതുപോലെ തന്നെയാണ് സങ്കടങ്ങളും.. പക്ഷെ സങ്കടം വരുമ്പോള്‍ മാത്രം നമ്മള്‍ അത് പ്രകടിപ്പിച്ച ശേഷം അനാവശ്യമായ ആശങ്കകളിലേക്ക് പോകും.. സങ്കടങ്ങള്‍ ആശങ്കപ്പെടേണ്ട ഒന്നല്ല… കരയുക.. ഉള്ളിലുള്ള സങ്കടങ്ങള്‍ കണ്ണീരില്‍ കഴുകി കളയുക.. വീണ്ടും സന്തോഷിക്കുക.. ജീവിതം ഓരോ നിമിഷവും gifted ആണ്.. ഓരോ നിമിഷവും അടിച്ചങ്ങ് പൊളിക്കെടോ ചങ്കുകളേ..

ഒരുപാട് നാള്‍ മരിക്കാതെ ജീവിക്കുന്നതാണ് ജീവിത വിജയവും ലക്ഷ്യവും എന്ന ധാരണ വളരെ വളരെ തെറ്റാണ്.. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന രീതിയില്‍ ജീവിക്കുന്നതും ആത്മവിശ്വാസം തിളങ്ങുന്ന കണ്ണുകളും ആണ് യഥാര്‍ത്ഥ ജീവിത വിജയം.. പോകുന്ന വഴികളില്‍ ഒരുപാട് തൊണ്ടുകളെ(വിഷമതകള്‍) നമ്മള്‍ ചവിട്ടിയേക്കാം.. അതിനെ കേവലം തോണ്ടാക്കണോ മൂര്‍ഖന്‍ പാമ്പ് ആക്കണോ എന്ന് നമ്മള്‍ തീരുമാനിക്കുക..

2020 ഇല്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ നിങ്ങളെ കാത്തിരിപ്പുണ്ടാകും.. പ്രതിസന്ധികളെയും വിഷമതകളെയും ചവിട്ടിമെതിച്ചുകൊണ്ടു മുന്നോട്ടു പോകാന്‍ ഉറച്ച മനസ്സ് സജ്ജമാക്കി പ്രതിജ്ഞ ചെയ്യൂ ഈ പുതുവത്സരത്തില്‍… എന്തിനെയും ചിരിച്ചു കൊണ്ട് നേരിടുന്ന ഒരു വര്‍ഷം ആകട്ടെ ഇത്.. ആശംസകള്‍ ചങ്കുകളേ…! ദേ ഈ കീമോ ബെഡില്‍ കിടന്ന് ഞാനിത്ര സന്തോഷത്തോടെ ആഘോഷിക്കുന്നുണ്ടെങ്കില്‍ എന്റെ പ്രിയപ്പെട്ടവര്‍ ഇതിന്റെ പത്തിരട്ടി സന്തോഷത്തോടെ മുന്നോട്ട് പോകണം.. പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനകളില്‍ ഈയുള്ളവന്‍ ഉയിര്‍ത്തെഴുന്നേറ്റു വരുന്ന വര്‍ഷം കൂടിയാണ് 2020

സ്നേഹപൂര്‍വ്വം..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :