ഇന്ന് അന്താരാഷ്ട്ര ചായദിനം: നിങ്ങള്‍ എത്രതരം ചായ കുടിച്ചിട്ടുണ്ട്!

ശ്രീനു എസ്| Last Updated: വെള്ളി, 21 മെയ് 2021 (14:17 IST)



ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് എല്ലാ വര്‍ഷവും മെയ് 21 നാണ് അന്താരാഷ്ട്ര ചായ ദിനം ആചരിക്കുന്നത്. മെയ് 21 ലോകം അന്താരാഷ്ട്ര ചായ ദിനമായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭ 2019 ഡിസംബര്‍ 21 നാണ് ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. 2015-ല്‍ ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശപ്രകാരമായിരുന്നു ഇത്. നേരത്തേ ഡിസംബര്‍ 15നായിരുന്നു ഇത് ആചരിച്ചിരുന്നത്. മിക്ക രാജ്യങ്ങളിലും തേയില ഉത്പാദന സീസണ്‍ തുടങ്ങുന്നത് മേയിലായതുകൊണ്ടാണ് മേയ് 21ലേക്ക് ഇതു മാറ്റിയത്.

ചായക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ക്ഷീണിച്ച് വിഷാദരൂപത്തിലിരിക്കുന്ന ഒരാളെ ഉന്മേഷവാനാക്കാന്‍ ഒരു ഗ്ലാസ് ചായമതി. ചായയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അമിതവണ്ണം, നിര്‍ജ്ജലീകരണം തുടങ്ങിയവയെ തടയാന്‍ ചായക്കു സാധിക്കുമെന്ന് പറയാറുണ്ട്.

പച്ചവെള്ളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിക്കുന്ന പാനിയമാണ് ചായ. ചായകളുടെ കൂട്ടത്തില്‍ പ്രശസ്തനാണ് ഗ്രീന്‍ ടി. കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പു തുടങ്ങിയവ ഇട്ട ഇറാനിയന്‍ ചായ. ഏലക്ക, ഇഞ്ചി എന്നിവയിട്ട കട്ടിങ് ചായ. ബ്ലാക്ക് ടീ, വൈറ്റ് ടീ, ഊലോങ് ടീ(ചൈന), യെല്ലോ ടീ, ആയുര്‍വേദ ചായയായ ഹാജ്‌മോല. അഞ്ച് ആയുര്‍വേദ കൂട്ടുകൊണ്ടുള്ള പഞ്ച് ആയൂര്‍ ചായ. കുങ്കുമപ്പൂവ് ചേര്‍ത്ത ചായ. മുല്ല ചേര്‍ത്ത ചായ. ലാവന്‍ഡര്‍ ചേര്‍ത്ത ചായ..... ഇങ്ങനെ ആയിരക്കണക്കിനു ചായ വിശേഷങ്ങളാണ് ലോകത്തുള്ളത്.

ടീ, തീ, ടിയോ, റ്റായ, ഹെര്‍ബറ്റോ തുടങ്ങി നിരവധി രാജ്യങ്ങളിലായി നിരവധി പേരുകള്‍ ചായക്കുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :